ഹിന്ദു കുടുംബങ്ങളിലെ ജനന നിരക്കിലെ കുറവ് ചൂണ്ടിക്കാട്ടി വിശ്വഹിന്ദു പരീഷത്ത്. ഒരു ഹിന്ദു കുടുംബത്തില്‍ കുറഞ്ഞത് മൂന്നുകുട്ടികളെങ്കിലും വേണം എന്ന നിര്‍ദേശവും വിശ്വഹിന്ദു പരീഷത്ത് മുന്നോട്ടുവച്ചിരിക്കുകയാണ്. വിരാട് സന്ദ് സമ്മേളനത്തില്‍ വിശ്വഹിന്ദു പരീഷത്ത് കേന്ദ്ര ജനറല്‍ സെക്രട്ടറി ബജ്റങ് ലാല്‍ ബങ്റയാണ് ഇത്തരത്തിലൊരു പരാമര്‍ശം നടത്തിയത്.
ഹിന്ദു കുടുംബങ്ങളിലെ ജനന നിരക്കിലെ കുറവ് ജനസംഖ്യയില്‍ കാര്യമായി പ്രതിഫലിച്ചിട്ടുണ്ട്. ജനസംഖ്യയില്‍ തുല്യത കൈവരിക്കാനായി ഹിന്ദു കുടുംബങ്ങളില്‍ കുറഞ്ഞത് മൂന്നു കുട്ടികളെങ്കിലും വേണമെന്നാണ് സന്യാസിവര്യന്മാര്‍ അഭിപ്രായപ്പെടുന്നത്. ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ ആസൂത്രിതമായി ആക്രമിക്കപ്പെടുന്നു എന്നടക്കമുള്ള വിദ്വേഷ പരാമര്‍ശങ്ങളും ലാല്‍ ബങ്റ നടത്തിയിട്ടുണ്ട്. ഇന്ത്യയിലും ബംഗ്ലാദേശിനു സമാനമായി ഹിന്ദുക്കള്‍ക്കെതിരെ ചില ഭീഷണികളുയരുന്നുണ്ട്. ഇതേക്കുറിച്ച് ഹിന്ദുസമൂഹം ഗൗരവമായി തന്നെ ചിന്തിക്കണം. വഖഫ് ബേര്‍ഡ് നയങ്ങളിലടക്കം കേന്ദ്രസര്‍ക്കാര്‍ നിയമഭേദഗതി കൊണ്ടുവരാന്‍ തയ്യാറെടുക്കുകയാണ് എന്നും ബങ്റ കൂട്ടിച്ചേര്‍ത്തു.
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടക്കമുള്ളവര്‍ പങ്കെടുത്ത ചടങ്ങിലായിരുന്നു ഈ പരാമര്‍ശം. മഹാകുഭ മേളയിലുടെ സനാതന സംസ്കാരത്തെക്കുറിച്ച് ലോകത്തെയാകെ അറിയിക്കാനായി എന്നാണ് യോഗി ആദിത്യനാഥ് പറഞ്ഞത്. ഇതിനായി വിശ്വഹിന്ദു പരീഷത്ത് നടത്തിയ പ്രവര്‍ത്തനങ്ങള്‍ വളരെ വലുതാണ്. 1980നു ശേഷം ഈ പുണ്യഭൂമിക്കായി വിശ്വഹിന്ദു പരീഷത്ത് നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങളെല്ലാം അനിര്‍വചനീയമാണ്. ഗംഗ, യമുന, സരസ്വതി നദീതീരങ്ങളില്‍ അതിന്‍റെ പ്രതിഫലനം കാണാം.
അശോക് സിങ്‌ഹാള്‍ ഇന്ന് നമുക്കൊപ്പമില്ലെങ്കിലും അദ്ദേഹത്തിന്‍റെ ആത്മാവ് ഇതൊക്കെ കണ്ട് സന്തോഷിക്കുന്നുണ്ടാകും. സനാതന ധര്‍മം പാലിക്കപ്പെടുക എന്ന സ്വപ്നം പൂവണിഞ്ഞിരിക്കുന്നു. അഞ്ഞൂറു വര്‍ഷങ്ങള്‍ക്കിപ്പുറം രാം ലല്ല ജന്മസ്ഥലത്ത്, ആ പുണ്യഭൂമിയില്‍ ഇരിപ്പുറപ്പിച്ചു കഴിഞ്ഞു. അയോധ്യയിലും കാശിയിലും അതിന്‍റെ പ്രതിഫലനങ്ങളുണ്ടായി. 2016ല്‍ വെറും രണ്ടുലക്ഷത്തോളം പേര്‍ വന്നിടത്ത് 2024ല്‍ അയോധ്യ സന്ദര്‍ശിച്ചത് 15 കോടി വിശ്വാസികളാണ്. ശ്രീരാമ ജന്മഭൂമി വീണ്ടെടുത്തു. ഇനി മഥുരയും കാശിയുമാണ് മുന്നിലുള്ളത്. അതും ഉടന്‍ യാഥാര്‍ഥ്യമാകും എന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
ചടങ്ങില്‍ ജഗദ്ഗുരു ശങ്കരാചര്യ സ്വാമി വാസുദേവാനന്ദ് സരസ്വതിയും പങ്കെടുത്തിരുന്നു. ഇത് അനുഗ്രഹീതമായ മണ്ണാണ്, ഹിന്ദു സമൂഹത്തെ പ്രതിബാധിക്കുന്ന പല നിര്‍ണായക തീരുമാനങ്ങളും ഗുരുവര്യന്മാരാല്‍ എടുക്കപ്പെട്ടത് ഗംഗ, യമുന, സരസ്വതി തീരങ്ങളിലാണ് എന്ന് അദ്ദേഹം പറഞ്ഞു. ഹിന്ദുക്കള്‍ക്കിടയിലെ ഐക്യം, ഒന്നിച്ചുനില്‍ക്കേണ്ടതിന്‍റെ ആവശ്യകത, ഹിന്ദു സമൂഹം ജനസംഖ്യയില്‍ ഉയരണം തുടങ്ങി പല നിര്‍ദേശങ്ങളും ചടങ്ങില്‍ മറ്റ് നേതാക്കളും മുന്നോട്ടുവച്ചു.