രാജ്യതലസ്ഥാനത്ത് ബാൻഡ്മുഴക്കി കോഴിക്കോട് സെന്റ് ജോസഫ് ആംഗ്ലോ ഇന്ത്യൻ സ്കൂളിന്റെ പെൺകരുത്ത്. ദേശീയ സ്കൂൾ ബാൻ്റ് മത്സരത്തിൽ മൂന്നാം സ്ഥാനം നേടിയ സംഘം റിപ്പബ്ലിക് ദിന പരേഡിൽ പ്രത്യേകാതിഥികളായി പങ്കടുക്കും.
ബാൻഡടി ധ്യാൻ ചന്ദ് സ്‌റ്റേഡിയത്തിൽ അലയടിച്ചു. ഹൈസ്കൂൾ, ഹയർ സെക്കൻഡറി ക്ലാസുകളിൽനിന്ന് തെരഞ്ഞെടുത്ത സംഘത്തെ ആനറ്റ് മരിയ നയിച്ചു. ബ്രാസ് ബാൻഡ് വിഭാഗത്തിൽ 20 മിനിറ്റിൽ എട്ട് ഫോർമേഷനുകളിൽ സംഘം അണിനിരന്നു.
ദേശീയതലത്തിൽ മൂന്നാം സ്ഥാനത്തിനുള്ള കപ്പ് പ്രതിരോധ സഹമന്ത്രി സഞ്ജയ് സേത്തിൽ നിന്നും ഏറ്റുവാങി. പൊലീസിൽനിന്ന് വിരമിച്ച ബാൻഡ് മാസ്റ്റർ പി ജെ ജോളിയാണ് പരിശീലകൻ. നാല് സോണുകളിൽ നിന്നുള്ള 16 സംഘങ്ങളാണ് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചുള്ള ദേശീയ ബാൻഡ് മത്സരത്തിൽ മാറ്റുരച്ചത്. തിരുവനന്തപുരത്ത് നടന്ന സംസ്ഥാന തലത്തിലും ബംഗളൂരുവിൽ സംഘടിപ്പിച്ച സോണൽ മത്സരത്തിലും ഒന്നാം സ്ഥാനം നേടിയാണ് സെന്റ് ജോസഫ് സംഘം രാജ്യ തലസ്ഥാനത്തെത്തിയത്. അഞ്ച് അധ്യാപകരും സർവ്വ പിന്തുണയുമായി ബാൻഡ് സംഘത്തിനൊപ്പം ഉണ്ടായിരുന്നു.