dr-km-cheriyan-04

പ്രശസ്ത ഹൃദയശസ്ത്രക്രിയ വിദഗ്ധന്‍ കെ.എം. ചെറിയാൻ (82) അന്തരിച്ചു. ഇന്നലെ രാത്രി 11:50 ന് ബെംഗളൂരുവിൽ വച്ചാണ് അന്ത്യം. ഹൃദയ ശസ്ത്രക്രിയ രംഗത്തെ അതുല്യ പ്രതിഭയാണ് വിടവാങ്ങുന്നത്. ബെംഗളൂരുവിൽ സുഹൃത്തിന്റെ മകന്റെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു അദ്ദേഹം. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപ്രതിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. രാജ്യത്തെ ആദ്യത്തെ കൊറോണറി ആർട്ടറി ബൈപാസ് ശസ്ത്രക്രിയ നടത്തിയ ഡോക്‌ടറാണ് ചെറിയാൻ.

 

ആദ്യത്തെ പീഡിയാട്രിക് ഹാർട്ട് ട്രാൻസ്‌പ്ലാന്റ്, ആദ്യത്തെ ലേസർ ഹാർട്ട് സർജറി എന്നിവ നടത്തിയതും അദ്ദേഹമാണ്. 1990 മുതൽ 1993 വരെ രാഷ്ട്രപതിയുടെ ഓണററി സർജനായിരുന്ന അദ്ദേഹത്തെ രാജ്യം 1991ൽ പത്മശ്രീ നൽകി ആദരിച്ചു. 1942ൽ കായംകുളത്ത് ജനിച്ച കെ.എം. ചെറിയാൻ, വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജിൽ ലക്ചററായാണ് ഔദ്യോഗിക ജീവിതം തുടങ്ങിയത്. വേൾഡ് കോൺഗ്രസ് ഓഫ് തൊറാസിക് കാർഡിയാക് സർജൻ പ്രസിഡന്റാകുന്ന ആദ്യ ഇന്ത്യക്കാരനും അമേരിക്കൻ അസോസിയേഷൻ ഓഫ് തൊറാസിക് സർജറിയിലെ, ഇന്ത്യയിൽ നിന്നുള്ള ആദ്യ അംഗവുമായിരുന്നു.

ചെന്നൈയിലെ മദ്രാസ് മെഡിക്കൽ മിഷന്റെ സ്ഥാപക വൈസ് പ്രസിഡന്റും ഡയറക്‌ടറുമായിരുന്നു. ഇന്ത്യൻ അസോസിയേഷൻ ഓഫ് കാർഡിയാക് തൊറാസിക് സർജന്റെ സെക്രട്ടറിയും പ്രസിഡന്റും, പീഡിയാട്രിക് കാർഡിയാക് സൊസൈറ്റി ഓഫ് ഇന്ത്യ പ്രസിഡന്റ്, ലണ്ടനിലെ റോയൽ സൊസൈറ്റി ഓഫ് മെഡിസിൻ ഫെലോ, മലേഷ്യൻ അസോസിയേഷൻ ഫോർ തൊറാസിക് ആൻഡ് കാർഡിയോവാസ്കുലർ സർജറിയുടെ ഓണററി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.  30 നാകും സംസ്കാരം എന്നാണ് വിവരം.

ENGLISH SUMMARY:

Renowned cardiac surgeon Dr. K.M. Cherian passed away in Bengaluru last night. He was the first doctor in India to perform coronary artery bypass surgery. In recognition of his contributions, he was honored with the Padma Shri in 1991. The funeral will take place on Thursday.