നടന്‍ സെയ്‌ഫ് അലി ഖാനെ ആക്രമിച്ച കേസില്‍ ഫ്ലാറ്റില്‍ നിന്ന് കിട്ടിയ വിരലടയാളം പ്രതിയുടേത് അല്ലെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി മുംബൈ പൊലീസ്. അന്തിമഫലം കാത്തിരിക്കുന്നു എന്നാണ് വിശദീകരണം. അതേസമയം, കേസില്‍ ആളുമാറി അറസ്റ്റുചെയ്ത യുവാവിന്‍റെ ജോലി നഷ്ടമായി.
നടന്‍റെ ബാന്ദ്രയിലെ ഫ്ലാറ്റില്‍ നിന്നും 19 വിരലടയാളങ്ങളാണ് ശേഖരിച്ചത്. എന്നാല്‍ ഇതില്‍ ഒന്നുപോലും പ്രതിയുടേത് അല്ലെന്ന് തെളിഞ്ഞതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. സ്റ്റേറ്റ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം ഇത് സ്ഥിരീകരിച്ചെന്ന മട്ടിലുള്ള റിപ്പോര്‍ട്ടുകള്‍ പക്ഷേ മുംബൈ പൊലീസ് തള്ളി. കൂടുതല്‍ സാംപിളുകള്‍ പരിശോധയ്ക്ക് അയച്ചെന്നും ഫലം കാത്തിരിക്കുകയാണ് എന്നുമാണ് വിശദീകരണം. വിരലടയാളങ്ങള്‍ ചേരുന്നില്ലെങ്കില്‍ അത് അന്വേഷണം വഴിമുട്ടുന്ന അവസ്ഥയില്‍ എത്തിക്കും. സിസിടിവി ദൃശ്യത്തിലെ ആളും പിടിയിലായ പ്രതിയും തമ്മില്‍ സാമൃമില്ലെന്ന വാദങ്ങളും മറുവശത്ത് ശക്തമാകുന്നുണ്ട്. സാങ്കേതിക സഹായത്തോടെ മുഖസാമ്യം തെളിയിക്കാനാണ് പൊലീസ് ശ്രമം. അതിനിടെ, പ്രതിയെന്ന് സംശയിച്ച് ചത്തീസ്‌ഗഡില്‍ നിന്ന് പിടികൂടി പിന്നീട് പൊലീസ് വിട്ടയച്ച മുപ്പത്തൊന്നുകാരന്‍ തന്‍റെ ദുരിതം വിവരിച്ച് രംഗത്തെത്തി. പൊലീസ് തെറ്റായി തന്‍റെ ഫോട്ടോയും വിവരങ്ങളും പ്രചരിപ്പിച്ചതോടെ വിവാഹം മുടങ്ങി. മുംബൈയിലെ ജോലി നഷ്ടമായെന്നും ആകാശ് കനോജിയ മാധ്യമങ്ങളോട് പറഞ്ഞു.