കേന്ദ്ര ബജറ്റില്‍ ഗതാഗത മേഖയ്ക്കായി എന്തെല്ലാം പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. വന്ദേഭാരതടക്കം പുതിയ ട്രെയിനുകളും യാത്രാ സുരക്ഷയ്ക്കുള്ള നടപടികളും യാത്രക്കാരുടെ പ്രധാന ആവശ്യമാണ്. ബുള്ളറ്റ് ട്രെയിനുകളും അതിവേഗ പാതകളും രാജ്യം പ്രതീക്ഷിക്കുന്നു.
കഴിഞ്ഞ വർഷത്തെ ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി നിര്‍മലാ സീതാരാമൻ ഒരുതവണ മാത്രമാണ് റെയിൽവേയെക്കുറിച്ച് പരാമർശിച്ചത്. റെയില്‍വേയ്ക്കുള്ള വിഹിതം പക്ഷേ രണ്ട് ലക്ഷത്തി 62 ആയിരം കോടി രൂപയെന്ന റെക്കോഡിലെത്തി. ഇത്തവണം നീക്കിയിരുപ്പ് മൂന്നുലക്ഷം കോടിയിലെത്തുമെന്നാണ് പ്രതീക്ഷ.
യാത്രാ ദുരിതം പരിഹരിക്കാന്‍ കൂടുതല്‍ ട്രെയിനുകള്‍ കേരളത്തിന്‍റെയടക്കം പ്രധാന ആവശ്യമാണ്. പുതിയ വന്ദേഭാരത്, വന്ദേഭാരത് സ്ലീപ്പർ, നമോ ഭാരത്, അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകൾ ബജറ്റില്‍ പ്രഖ്യാപിക്കുമെന്നാണ് വിവരം. ട്രെയിന്‍ പാളം തെറ്റലും കൂട്ടിയിടിയും ആവര്‍ത്തിക്കവെ സുരക്ഷ ഉറപ്പാക്കാനുള്ള പദ്ധതികളും അത്യാവശ്യമാണ്. കവച് സംവിധാനത്തിന്‍റെ നവീകരണം, ടിക്കറ്റിങിലടക്കം നിര്‍മിത ബുദ്ധി ഉപയോഗിക്കല്‍ എന്നിവയും പ്രതീക്ഷിക്കുന്നു. പുതിയ ബുള്ളറ്റ് ട്രെയിൻ പദ്ധതിയുണ്ടാകുമോയന്നതാണ് ആകാംക്ഷ.
ദേശിയ പാത വിപുലീകരണത്തിനും അനുബന്ധ അടിസ്ഥാന സൗകര്യ വികസനത്തിനും ചരക്കുഗതാഗതം വേഗത്തിലാക്കാനുമുള്ള പ്രഖ്യാപനങ്ങളും ബജറ്റില്‍ പ്രതീക്ഷിക്കുന്നു. വിമാനയാത്ര നിരക്ക് നിയന്ത്രിക്കാനുള്ള നടപടികളും പുതിയ വിമാനത്താവങ്ങളുമടക്കം വ്യോമഗതാഗത മേഖലയ്ക്കായുള്ള പ്രഖ്യാപനങ്ങളും യാത്രക്കാര്‍ കാത്തിരിക്കുകയാണ്.