ജീവിതത്തിലേക്ക് തിരികെ വരില്ലെന്നുറപ്പുള്ള രോഗികള്‍ക്ക് ദയാവധം അനുവദിച്ചു കര്‍ണാടക. ദയാവധം നടപ്പിലാക്കാനുള്ള വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ അടങ്ങിയ ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി. അന്തസോടെ മരിക്കാനുള്ള അവകാശം ശരിവച്ച 2023 ജനുവരിയിലെ സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കര്‍ണാടക സര്‍ക്കാരിന്റെ ചരിത്രപരമായ തീരുമാനം.
അന്തസോടെയുള്ള മരണം ജീവിക്കാനുള്ള അവകാശം പോലെ തന്നെ മൗലികമാണെന്ന സുപ്രീം കോടതി ഉത്തരവനുസരിച്ചാണു പുതിയ നയം പുറത്തിറക്കിയത്. കാലങ്ങളായി കിടപ്പിലായ ഒരിക്കലും സാധാരണ ജീവിത്തിലേക്ക് തിരികെയെത്തില്ലെന്നുറപ്പുള്ള രോഗിക്ക് കൃത്യമായ പരിശോധന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ മരണത്തിനായി കോടതിയെ സമീപിക്കാമെന്നതാണ് പ്രത്യേകത. ദയാവധം ആവശ്യപ്പെട്ടു രോഗിക്കോ,ബന്ധുക്കള്‍ക്കോ അപേക്ഷ നല്‍കാം. ആശുപത്രി തലത്തിലും ജില്ലാ തലത്തിലുമുളള മെഡിക്കല്‍ ബോര്‍ഡുകള്‍ പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കും. ഇതുമായിട്ടുവേണം കോടതിയെ സമീപിക്കാന്‍. ഭാവിയില്‍ കിടപ്പിലാകുന്ന സാഹചര്യമുണ്ടാകുകയാണെങ്കില്‍ ദയാവധം അനുവദിക്കണമെന്നാവശ്യപ്പെട്ടു പൗരന്‍മാര്‍ക്ക് വില്‍പത്രം എഴുതാനും കഴിയും. സ്വയം തീരുമാനമെടുക്കാനാവാത്ത അവസ്ഥയുണ്ടാകുകയാണങ്കില്‍ തീരുമാനമെടുക്കാന്‍ രണ്ടുപേരെ മുന്‍കൂട്ടി ചുമതലപ്പെടുത്താനും വ്യവസ്ഥയുണ്ട്. സുപ്രീം കോടതിയുടെ വിധിയനുസരിച്ചു ദയാവധം സംബന്ധിച്ചു നയം നടപ്പാക്കുന്ന ആദ്യ സംസ്ഥാനമാണു കര്‍ണാടക.