ഒരു തവണയെങ്കിലും വിമാനത്തില്‍ യാത്ര ചെയ്യണമെന്ന തൊഴിലാളികളുടെ ആഗ്രഹം നിറവേറ്റിക്കൊടുത്ത് കർഷകൻ. കര്‍ണാടകയിലെ വിജയനഗര ജില്ലയിലെ ശിരഗനഹള്ളി ഗ്രാമത്തിലെ വിശ്വനാഥ് എന്ന കര്‍ഷകനാണ് തന്‍റെ തൊഴിലാളികളുമായി വിമാന യാത്ര നടത്തിയത്. പത്ത് സ്ത്രീ തൊഴിലാളികളെയും കൊണ്ട് ശിവമോഗ വിമാനത്താവളത്തിൽ നിന്നും ഗോവയിലേക്ക് ഒരു അടിപൊളി ട്രിപ്പ്.
വിശ്വനാഥ് ഒരു സ്ഥിരം വിമാനയാത്രക്കാരനാണ്. തോട്ടത്തില്‍ ജോലി ചെയ്യുന്ന സ്ത്രീ തൊഴിലാളികൾ ഒരിക്കൽ അദ്ദേഹത്തോട് തങ്ങളുടെ ഒരു വലിയ മോഹം പറഞ്ഞു. ജീവിതത്തിൽ ഒരിക്കലെങ്കിലും വിമാനത്തിൽ കയറണമെന്നായിരുന്നു അവരുടെ ആഗ്രഹം. പിന്നെ വിശ്വനാഥ് ഒന്നും നോക്കിയില്ല. ഒരു യാത്ര അങ്ങ് പ്ലാന്‍ ചെയ്തു. പത്ത് പേരെയും കൂട്ടി ഒരു വിമാനത്തിൽ ഗോവയിലേക്ക് ഒരു യാത്ര.
സംഘത്തെ തിരുപ്പതിയിലേക്ക് കൊണ്ടുപോകാനായിരുന്നു വിശ്വനാഥ് ആദ്യം പദ്ധതിയിട്ടത്. പക്ഷേ ഷെഡ്യൂൾ ചെയ്ത ദിവസം വിമാനം ലഭ്യമല്ലാത്തതിനാൽ യാത്ര ഗോവയിലേക്ക് മാറ്റുകയായിരുന്നു. ഫെബ്രുവരി 20ന് സംഘം ശിവമോഗയിലേക്ക് മടങ്ങും. തൊഴിലാളികളുടെ ആഗ്രഹം സാധിച്ചുകൊടുക്കാന്‍ ഒരു വിമാനയാത്ര തന്നെ സംഘടിപ്പിച്ച കര്‍ഷകന് സോഷ്യല്‍ മീഡിയയില്‍ അഭിനന്ദന പ്രവാഹമാണ്.