കളിക്കളത്തിലും പുറത്തും മികച്ച വ്യക്തിത്വം നിലനിര്‍ത്തുന്ന, പെരുമാറ്റത്തില്‍ മാതൃക കാട്ടുന്ന താരമാണ് രാഹുല്‍ ദ്രാവിഡ്. പ്രതിസന്ധികളിലും വിവാദങ്ങളിലും പതറാതെ ടീമിനെ മുന്നോട്ടുനയിക്കുന്നതില്‍ പരിശീലകനെന്ന നിലയിലും ദ്രാവിഡ് ലോകമെങ്ങും ആദരിക്കപ്പെടുന്ന വ്യക്തി കൂടിയാണ്. അതേ ദ്രാവിഡിന്‍റെ മറ്റൊരു രൂപം ഇന്നലെ ബെംഗളൂരുവിലെ നിരത്തില്‍ കണ്ടു. ദ്രാവിഡിന്‍റെ കാര്‍ ഒരു ഗുഡ്സ് ഓട്ടോറിക്ഷയില്‍ തട്ടിയതാണ് സംഭവം.
കാറിന് പുറത്തിറങ്ങിയ ദ്രാവിഡിനോട് ഓട്ടോഡ്രൈവര്‍ തട്ടിക്കയറി. ഒരുഘട്ടത്തില്‍ തര്‍ക്കം അല്‍പം വലുതാകുകയും ചെയ്തു. നിരാശ മുഖത്ത് പ്രകടമായിരുന്നെങ്കിലും ഇന്ത്യയുടെ ‘വന്‍മതില്‍’ സംയമനം കൈവിട്ടില്ല. ചെറുപ്പക്കാരനായ ഡ്രൈവറോട് ദ്രാവിഡ് തൊഴുതുസംസാരിക്കുന്നതും കാണാം. കയ്യാങ്കളിയിലെത്തുമെന്നുപോലും ഭയന്ന തര്‍ക്കമാണ് ഇതോടെ ഒഴിവായത്.
അപകടത്തില്‍ ആര്‍ക്കും പരുക്കില്ല. ഓട്ടോറിക്ഷയിലും ദ്രാവിഡിന്‍റെ കാറിലും നേരിയ കേടുപാടുണ്ടായി. സംഭവത്തിനുശേഷം ഇരുവരും സംസാരിച്ച് പിരിഞ്ഞു. ദ്രാവിഡോ ഓട്ടോ ഡ്രൈവറോ പൊലീസില്‍ പരാതി നല്‍കിയതുമില്ല. ദ്രാവിഡിന്‍റെ പെരുമാറ്റത്തെ അഭിനന്ദിച്ച് സോഷ്യല്‍ മീഡിയയില്‍ കമന്‍റുകള്‍ നിറയുകയാണ്. അതിനൊപ്പം ‘ദൈവത്തിന് നന്ദി, ദ്രാവിഡിന് ശരിക്കും കന്നഡ സംസാരിക്കാന്‍ അറിയാം...’ എന്ന എക്സ് കമന്‍റ് ചിരിപടര്‍ത്തി.
അടുത്തിടെ രാഹുല്‍ ദ്രാവിഡ് അഭിനയിച്ച ക്രെഡ് പരസ്യത്തിലെ കഥാപാത്രത്തിന് സമാനമായ സംഭവമാണ് കണ്ണിങാം റോഡില്‍ അരങ്ങേറിയതെന്നും ചിലര്‍ ചൂണ്ടിക്കാട്ടി. ദ്രാവിഡിന്‍റെ യഥാര്‍ഥ വ്യക്തിത്വത്തിന് നേര്‍വിപരീതമായ സ്വഭാവമുള്ള കഥാപാത്രത്തെയാണ് താരം പരസ്യത്തില്‍ അവതരിപ്പിച്ചത്. ‘ഞാന്‍ ഇന്ദിര നഗറിലെ ഗുണ്ടയാടാ’ എന്ന വിഡിയോയിലെ ഡയലോഗും പ്രശസ്തമായിരുന്നു.