2007ന് ശേഷം ആദ്യമായി ലാഭത്തിലായി പൊതുമേഖല ടെലികോം ഓപ്പറേറ്റര്‍മാരായ ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് . തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരുന്ന കമ്പനിയാണ് വലിയ ഇടവേളയ്ക്ക് ശേഷം കരകയറുന്നത്. യാദൃശ്ചികമായി സംഭവിച്ചതല്ല ബിഎസ്എന്‍എല്ലിന്‍റെ മടങ്ങിവരവ്. കമ്പനിക്കായി തയ്യാറാക്കിയ ഉത്തേജന പാക്കേജുകളുടെയും ചിലവ് ചുരുക്കലിന്‍റെയും പുതിയ സേവനപദ്ധതികള്‍ ആവിഷ്കരിച്ചതിന്‍റെയും ഫലമാണ് 262 കോടി രൂപയുടെ ലാഭം. നടപ്പു സാമ്പത്തിക വര്‍ഷം ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള മൂന്നാം പാദത്തിലാണ് കമ്പനി ലാഭത്തിലേക്കെത്തിയത്.
ബിഎസ്എന്‍എല്ലിനെ പുനരുജ്ജീവിപ്പിക്കാന്‍ 2019 മുതല്‍ വിവിധ പാക്കേജുകളിലായി മൂന്ന് ലക്ഷം കോടിയിലേറെ രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചത്. മറ്റൊരു പൊതുമേഖല ടെലികോം കമ്പനിയായ എംടിഎന്‍എല്ലും ഈ സഹായ പരിധിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. പ്രധാനമായും 4ജി സേവനം ഒരുക്കാനായാണ് ബിഎസ്എന്‍എല്‍ ഈ തുക ചിലവഴിച്ചത്. രാജ്യമെങ്ങും 4ജി സേവനം വ്യാപിപ്പിക്കുന്നത് ബിഎസ്എന്‍എല്ലിന്‍റെ തിരിച്ചുവരവിന് പ്രചോദനമായ ഘടകങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്നു. തദ്ദേശീയമായി വികസിപ്പിച്ച 4ജി സാങ്കേതികവിദ്യയിലാണ് 4ജി ടവറുകള്‍ ബിഎസ്എന്‍എല്‍ ഒരുക്കുന്നത്. ഒരു ലക്ഷം 4ജി ടവറുകളാണ് ബിഎസ്എന്‍എല്ലിന്‍റെ ലക്ഷ്യം. ഇതിനകം 65,000ത്തിലേറെ 4ജി സൈറ്റുകള്‍ പൂര്‍ത്തീകരിക്കാന്‍ കമ്പനിക്കായി. വരിക്കാരുടെ എണ്ണം വര്‍ധിപ്പിക്കാന്‍ കഴിഞ്ഞത് സാമ്പത്തികമായും ബിഎസ്എന്‍എല്ലിന് നേട്ടമായി.
ഇതിന് പുറമെ, ഫൈബര്‍-ഒപ്റ്റിക് ശൃംഖല പുതുക്കാനും ബിഎസ്എന്‍എല്‍ തീവ്രശ്രമങ്ങള്‍ നടത്തി. നഗരപ്രദേശങ്ങള്‍ക്ക് പുറമെ ഗ്രാമമേഖലയിലും കണക്റ്റിവിറ്റി ബിഎസ്എന്‍എല്‍ മെച്ചപ്പെടുത്തിയതും ഗുണകരമായി. നെറ്റ്‌വർക്ക് വിപുലീകരണത്തിന് പുറമെ ഉപഭോക്തൃ കേന്ദ്രീകൃത സേവന മെച്ചപ്പെടുത്തലുകൾ, ചിലവ് ചുരുക്കല്‍ എന്നിവയിലും ബിഎസ്എന്‍എല്‍ ഈ കാലയളവില്‍ ശ്രദ്ധ ചലുത്തി. മൊബിലിറ്റി, എഫ്‌ടിടിഎച്ച്, ലീസ്‌ഡ് ലൈനുകള്‍ എന്നിവയില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദവുമായി താരതമ്യം ചെയ്യുമ്പോള്‍ യഥാക്രമം 15, 18, 14 ശതമാനത്തിന്‍റെ വര്‍ധനവ് ബിഎസ്എന്‍എല്‍ രേഖപ്പെടുത്തി
സ്പാം-ഫ്രീ-നെറ്റ്‌വര്‍ക്ക്, ബിഎസ്എന്‍എല്‍ നാഷണല്‍ വൈ-ഫൈ റോമിംഗ്, ബിഎസ്എന്‍എല്‍ ഐഎഫ്‌ടിവി, എനി ടൈം സിം (എടിഎം) കിയോസ്ക്സ്, ഡയറക്ട്-ടു-ഡിവൈസ് സര്‍വീസ്, പബ്ലിക് പ്രൊട്ടക്ഷന്‍ ആന്‍ഡ് ഡിസാസ്റ്റര്‍ റിലീഫ്, പ്രൈവറ്റ് 5ജി ഇന്‍ മൈന്‍സ് എന്നീ 7 പുതിയ സേവനങ്ങള്‍ കമ്പനി ആരംഭിച്ചിരുന്നു. ഇവയില്‍ മിക്കതും ബിഎസ്എന്‍എല്ലിന്‍റെ ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ളതായിരുന്നു. മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് ബിഐടിവിയും, എഫ്ടിടിഎച്ച് ഉപഭോക്താക്കള്‍ക്ക് ഐഎഫ്‌ടിവി സേവനവും കമ്പനി അവതരിപ്പിച്ചത് ശ്രദ്ധേയമായി.
ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ ബിഎസ്എന്‍എല്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധ പതിപ്പിച്ചത് ചിലവ് ചുരുക്കലാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് നഷ്ടത്തിൽ 1,800 കോടിയിലധികം രൂപയുടെ കുറവുണ്ടായി. കാര്യക്ഷമത വര്‍ധിപ്പിക്കാന്‍ ഓട്ടോമേഷനും സ്ട്രാറ്റജിക് റിസോഴ്സ് മാനേജ്മെന്‍റ് രീതികളും സ്വീകരിച്ചും തുണയായി. ഈ സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോള്‍ 20 ശതമാനത്തിലേറെ സാമ്പത്തിക വളര്‍ച്ചയുണ്ടാകും എന്ന ഉറച്ച പ്രതീക്ഷയിലാണ് ബിഎസ്എന്‍എല്‍.