തമിഴ്നാട് മുഖ്യന്ത്രി എം.കെ.സ്റ്റാലിന് ഇന്ന് 72 ആം ജന്മദിനം. ത്രിഭാഷാ നയത്തിന്റേയും ദേശീയ വിദ്യാഭ്യാസ നയത്തിന്റേയും പേരിൽ കേന്ദ്രവുമായി പോരാട്ടം കടുപ്പിച്ചിരിക്കെ ആണ് ഇക്കുറി ജന്മദിനം. 1953 മാർച്ച് 1. കലൈഞ്ജർ കരുണാനിധിയുടെയും ദയാലു അമ്മാളിന്‍റെയും മകനായി ജനനം. 4 ദിവസത്തിനപ്പുറം തമിഴ്നാട്ടിൽ സംഘടിപ്പിച്ച ജോസഫ് സ്റ്റാലിൻ്റെ അനുശോചന യോഗത്തിൽ പങ്കെടുക്കുമ്പോൾ കരുണാനിധി തന്‍റെ കുഞ്ഞിന് ഇങ്ങനെ പേരിടുന്നതായി പ്രഖ്യാപിച്ചു. മുത്തുവേൽ കരുണാനിധി സ്റ്റാലിൻ. തമിഴ്നാട്ടിൽ മാത്രമല്ല, ഇന്ത്യൻ രാഷ്ട്രീയത്തിൽ തന്നെ തലയെടുപ്പുള്ള നേതാവായി സ്റ്റാലിൻ മാറി
14 ാം വയസ്സിൽ രാഷ്ട്രീയത്തിലേക്ക്. അടിയന്തരാവസ്ഥ കാലത്ത് ജയിലിൽ അടയ്ക്കപ്പെട്ടു. ആ അനുഭവങ്ങൾ അയാളിലെ പോരാട്ട വീര്യത്തെ കൂടുതൽ വളർത്തി. തിരഞ്ഞെടുപ്പ് ഗോദയിൽ തുടക്കം തോൽവിയോടെ. 1984- ആയിരുന്നു ഇത്. സ്റ്റാലിനിലെ നേതാവിന്‍റെ പാടവം അറിഞ്ഞത് 1996 ൽ ചെന്നൈ നഗരത്തിന്‍റെ മേയറായത്തോടെ. ചെന്നൈ നഗരത്തിൻ്റെ മുഖം മിനുക്കിയ നഗരപിതാവായി അദ്ദേഹം. 2006 ൽ മന്ത്രി സഭയിൽ. 2009 ൽ തമിഴ്നാടിന്‍റെ ആദ്യത്തെ ഉപമുഖ്യമന്ത്രി ആയി സത്യപ്രതിജ്ഞ ചെയ്തു. 2021. ജയലളിതയും കരുണാനിധിയും വിടവാങ്ങിയ ശേഷമുള്ള ആദ്യ നിയമസഭ തിരഞ്ഞെടുപ്പ്. എതിരാളികളെ നിഷ്പ്രഭമാക്കി സ്റ്റാലിനും ഡിഎംകെയും അധികാരത്തിൽ സ്റ്റാലിൻ എന്ന കരുത്തുറ്റ നേതാവിനെ പിന്നീട് രാഷ്ട്രം കണ്ടു. കേന്ദ്ര നിലപാടുകളെ നിശിതമായ വിമർശിച്ചു. സ്റ്റാലിൻ്റെ ജനകീയ തീരുമാനങ്ങൾ കയ്യടി നേടി. കേന്ദ്രത്തിന് എതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ച രാഷ്ട്രീയ കാലാവസ്ഥയാണ് ഇക്കുറി ജന്മദിനം.
ഇക്കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിൽ സഖ്യ കക്ഷികൾക്ക് സീറ്റ് നൽകി അവരെ ചേർത്ത് നിർത്തിയ സമീപനം ദേശീയ തലത്തിൽ വരെ ചർച്ചയായി. സ്റ്റാലിൻ മോഡൽ എന്ന് വാഴ്ത്തി . ജനങ്ങൾക്ക് ഒപ്പം നടക്കാൻ പല നേതാക്കളും മടിക്കുന്ന കാലത്ത് സ്റ്റാലിൻ ഒരു ജനതയുടെ പ്രതീക്ഷയാണ്