congress-worker

ഹരിയാനയിലെ കോൺഗ്രസ് പ്രവർത്തക ഹിമാനി നർവാളിനെ കൊലപ്പെടുത്തിയത് സുഹൃത്ത് സച്ചിനെന്ന് പൊലീസ്. മൊബൈൽ ഫോണിന്റെ ചാർജർ ഉപയോഗിച്ച് കഴുത്തുഞെരിച്ചാണ് കൊലപാതകം നടത്തിയത്. സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട ഹിമാനിയും സച്ചിനും ഒന്നര വർഷമായി സുഹൃത്തുക്കളാണ്. ഇരുവരും തമ്മിലുള്ള വാക്കുതർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് റിപ്പോര്‍ട്ട്.

മൊബൈൽ ഫോൺ ഷോപ്പ് നടത്തിയിരുന്ന സച്ചിൻ വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ്. ഇയാൾ ഇടയ്ക്കിടെ ഹിമാനിയുടെ റോഹ്തക് വിജയ് നഗറിലെ വീട്ടിലെത്താറുണ്ടായിരുന്നു. സംഭവം നടന്ന ദിവസം ഹിമാനിയും സച്ചിനും തമ്മിൽ തർക്കമുണ്ടാകുകയും ഇതേത്തുടർന്ന് ഹിമാനിയെ ഇയാള്‍ തുണികൊണ്ട് കെട്ടിയിട്ട ശേഷം ചാർജർ ഉപയോഗിച്ച് കഴുത്തുഞെരിച്ച് കൊല്ലുകയുമായിരുന്നു. കൊലപാതകത്തിനുശേഷം ഹിമാനിയുടെ  സ്വർണാഭരണങ്ങളും ലാപ്ടോപും മൊബൈൽ ഫോണും സച്ചിന്‍ കവര്‍ന്നു. 

മൃതദേഹം സ്യൂട്ട്കെയ്സിനുള്ളിലാക്കി രാത്രി ഓട്ടോയിൽ സാംപ്ലയിലെ ബസ് സ്റ്റോപ്പിനു സമീപം ഉപേക്ഷിക്കുകയായിരുന്നു. സാമ്പത്തിക കാര്യങ്ങളിലാണ് ഇരുവരും തമ്മിൽ തർക്കമുണ്ടായതെന്നാണ് പൊലീസിന്‍റെ അനുമാനം. സച്ചിന്റെ കൈയിൽ പോറലുകളും കടിച്ച പാടുകളുമുണ്ട്. പ്രതിയെ അറസ്റ്റ് ചെയ്തതിനു പിന്നാലെ പ്രതിഷേധം അവസാനിപ്പിച്ച് ഹിമാനിയുടെ കുടുംബം ഇന്നുതന്നെ മൃതദേഹം സംസ്കരിക്കുമെന്ന് അറിയിച്ചു. മാർച്ച് ഒന്നിനാണ് സാംപ്ല ബസ് സ്റ്റാൻഡിന് സമീപം സ്യൂട്ട്കേസിലാക്കി ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഹിമാനിയുടെ മൃതദേഹം കണ്ടെത്തിയത്.

ENGLISH SUMMARY:

Congress worker Himani Narwal was strangled to death with a mobile charger by her friend Sachin in Haryana. The accused later stole her valuables and dumped her body in a suitcase near a bus stop.