ലോക വന്യജീവി ദിനത്തില്‍ ഗുജറാത്തിലെ ഗിര്‍ ദേശീയ ഉദ്യാനത്തില്‍ സവാരി നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ജൈവവൈവിധ്യം സംരക്ഷിക്കാന്‍ രാജ്യം പ്രതിജ്ഞാബദ്ധമെന്ന് ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ച് മോദി കുറിച്ചു.
കാടുകാണാന്‍ നേരം പുലരും മുന്‍പേ ജുനഗഡിലുള്ള ഗിര്‍ ദേശീയോദ്യാനത്തിലെത്തിയ പ്രധാനമന്ത്രി, കാടിന്‍റെ വശ്യതയും മനോഹാരിതയും നേരിട്ടറിഞ്ഞു. സഫാരിക്കായുള്ള വസ്ത്രങ്ങള്‍ ധരിച്ചെത്തിയ മോദി, ക്യാമറയില്‍ വന്യജീവികളുടെ ദൃശ്യങ്ങള്‍ പകര്‍ത്തി. ദൂരെയുള്ള കാഴ്ചകളെ ബൈനോക്കുലറിലൂടെ നോക്കിക്കണ്ടു. ഏഷ്യാറ്റിക് സിംഹങ്ങളുടെ ഇന്ത്യയിലെ ഏക സ്വാഭാവിക ആവാസവ്യവസ്ഥയാണ് ഗിര്‍ വനം. എഴുന്നൂറോളം സിംഹങ്ങള്‍ ഗിര്‍ വനത്തില്‍ ഉണ്ടെന്നാണ് കണക്ക്.