ഉഗ്രശപഥങ്ങളുടെ കഥ പുരാണങ്ങളിലടക്കം നമ്മള്‍ കേട്ടിട്ടുണ്ട്. അത്യപൂര്‍വമായി വാര്‍ത്തകളിലും ഇടംപിടിച്ചിട്ടുണ്ട്. അത്തരം രണ്ട് ഉഗ്ര പ്രതിജ്ഞകളുടെ കഥയാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇതിലൊരു വാര്‍ത്ത സമൂഹമാധ്യമങ്ങളിലൂടെ ലോകത്തോട് പങ്കുവെച്ചത്. 'മോദി പ്രധാനമന്ത്രിയായാലെ ചെരുപ്പ് ധരിക്കൂ'വെന്ന് 14 വർഷം മുമ്പ് പ്രതിജ്ഞയെടുത്ത കൈതലിൽ നിന്നുള്ള രാംപാൽ കശ്യപിന് മോദി നേരിട്ട് എത്തി ഒരു ജോഡി ഷൂസ് സമ്മാനിച്ചു. കാലിൽ അണിയിച്ചും കൊടുത്തു. എന്തായാലും രാംപാൽ കശ്യപിന് അധിക നാൾ ചെരുപ്പിടാതെ ബുദ്ധിമുട്ടേണ്ടി വന്നില്ല. 2014ൽ ആദ്യമായി പ്രധാനമന്ത്രിയായപ്പോഴേ ചെരുപ്പിട്ട് ആഘോഷിക്കാമായിരുന്നു. ഇനിയിപ്പോ ഇത്തിരി കാത്തിരുന്നേൽ എന്താ ഇപ്പൊ താരമായില്ലേ..സംഗതി മഹേഷിന്‍റെ പ്രതികാരത്തിൽ ഫഹദ് ഫാസിലിന്‍റെ കഥാപാത്രം പ്രതികാര പൂർത്തീകരണത്തിനായി എടുത്തതിന് സമാനമായ ഒരു പ്രതിജ്ഞ. രാഷ്ട്രീയ നേതാക്കളോട് ആരാധന മൂത്തവർ എടുക്കുന്ന ഇത്തരം പ്രതിജ്ഞകൾ അല്‍പം കൈവിട്ട കളിയാണ്. അങ്ങനെയൊരു കാത്തിരിപ്പിലാണ് ഹരിയാനയിൽ നിന്നുള്ള കോൺഗ്രസ് പ്രവർത്തകനായ ദിനേശ് ശർമ.
ഹരിയാന ജിന്ദിലെ നിയമ ബിരുദ വിദ്യാർത്ഥിയായിരുന്നു ദിനേശ് ശർമ. 2011 ലാണ് രാഹുൽ ഗാന്ധിയോടും കോൺഗ്രസ് പാർട്ടിയോടും അതിയായ അടുപ്പം തോന്നുന്നത്. ഇടംവലം നോക്കിയില്ല രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകാതെ ചെരുപ്പ് ധരിക്കില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ചു. രാഹുൽ ഗാന്ധി എത്തുന്ന എല്ലായിടത്തും കൈപ്പത്തി ചിഹ്നം പതിച്ച വസ്ത്രമണിഞ്ഞ് പടുകൂറ്റൻ കോൺഗ്രസ് പതാകയുമായി ദിനേശ് ശർമയെത്തും. ചൂടോ, തണുപ്പോ മഴയോ ഒന്നും ദിനേശ് ശര്‍മ കൂട്ടാക്കാറില്ല.
കാലം ഏറെ മുന്നോട്ടു പോയപ്പോൾ ദിനേശ് ശർമ്മ രാഹുലിന്‍റെ കണ്ണിൽ പെട്ടു. റായ്ബറേലിയിലെ ഒരു പരിപാടിക്കിടെ കോൺഗ്രസിന്‍റെ വലിയ പതാക ആഞ്ഞു വീശുന്ന ദിനേശ് ശർമ്മയെ രാഹുൽ ഗാന്ധി ശ്രദ്ധിച്ചു. ഗസ്റ്റ് ഹൗസിലെത്തിയപ്പോൾ കാര്യങ്ങൾ തിരക്കി. ദിനേശിനെ വിളിപ്പിച്ചു. എന്തുവേണം എന്ന് രാഹുൽ ചോദിച്ചു. 'എനിക്കൊന്നും ആവശ്യമില്ല. ഞാൻ നിങ്ങൾക്കൊപ്പം ഉണ്ടാകും. നിങ്ങൾ പ്രധാനമന്ത്രിയായി കാണണം' ഇതായിരുന്നു ദിനേശിന്‍റെ മറുപടി.
ദിനേശിന്‍റെ ഈ യാത്രയിൽ മറക്കാനാകാത്ത മറ്റൊരു സംഭവം കൂടിയുണ്ടായി. ഒരിക്കൽ വയനാട്ടിൽ എത്തിയ രാഹുൽഗാന്ധി ദിനേശിനെ അപ്രതീക്ഷിതമായി താമസസ്ഥലത്തേക്ക് വിളിപ്പിച്ചു. തെല്ലുപരിഭ്രമത്തോടെ ചെന്നപ്പോൾ കുഞ്ഞു പിറന്നാളാഘോഷം. അന്നു തന്‍റെ പിറന്നാളാണെന്ന് രാഹുൽ എങ്ങനെ അറിഞ്ഞു എന്ന് തനിക്കറിയില്ലെന്ന് പറയുമ്പോൾ ദിനേശ് ഇന്നും വികാരാധീനനാകും. ഇതിനിടെ ഒട്ടേറെ നിയമസഭാ തിരഞ്ഞെടുപ്പുകളും പല ലോക്സഭാ തിരഞ്ഞെടുപ്പും കടന്നുപോയി. പരാജയങ്ങൾ ഒന്നിനുമുകളിൽ ഒന്നായി വന്നു. ദിനേശ് ശർമ്മ നിരാശനായിട്ടില്ല. പരിഹസിക്കുന്നവരോട് പോലും ദിനേശ് ശർമ്മ ഉറച്ചുപറയും , പ്രതിപക്ഷ നേതൃസ്ഥാനത്തു നിന്ന് സഹോദര സ്ഥാനീയനായ രാഹുൽ ഗാന്ധി അടുത്ത തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രിയാകുമെന്ന് . നഗ്നപാദനായി, കോൺഗ്രസിന്‍റെ പടുകൂറ്റൻ പതാകയേന്തി അയാൾ വീണ്ടും വീണ്ടും ഉറക്കെ പറഞ്ഞു രാഹുൽ ഗാന്ധി കീ ജയ്..