ബെംഗളുരൂ വിമാനത്താവളത്തില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ച നടി രന്യ റാവു അറസ്റ്റില്‍. 14.8 കിലോ സ്വര്‍ണം നടിയില്‍ നിന്ന് കണ്ടെടുത്തു. നടിക്കെതിരെ നിരവധി ആരോപണങ്ങൾ ഉയർന്നതിനാൽ കുറച്ചുനാളായി പൊലീസ് അവരെ നിരീക്ഷിക്കുകയായിരുന്നു. നടിയുടെ വീട്ടിൽ പൊലീസ് പരിശോധന നടത്തിയപ്പോൾ 15 കിലോ വരെ സ്വർണം കണ്ടെത്തി. പിടിച്ചെടുത്ത സ്വർണ്ണത്തിന് നിലവിൽ 12 കോടി രൂപ വില വരും. അടിക്കടിയുള്ള ഗള്‍ഫ് യാത്രകളാണ് നടിയെ ഡി.ആര്‍.ഐ.യുടെ റഡാറിലാക്കിയത്. ഇതിനുപുറമേ തിങ്കളാഴ്ച ലഭിച്ച രഹസ്യവിവരവും നിര്‍ണായകമായി. തുടര്‍ന്നാണ് ദുബായില്‍നിന്നെത്തിയ നടിയെ സ്വര്‍ണവുമായി ഡി.ആര്‍.ഐ. സംഘം കൈയോടെ പിടികൂടിയത്.
നിരന്തരമായി വിദേശയാത്ര നടത്തുന്ന രന്യ ദിവസങ്ങളായി ഡി.ആർ.ഐയുടെ നിരീക്ഷണത്തിലായിരുന്നു. ഈ വർഷം മാത്രം 10 തവണ അവർ വിദേശയാത്ര നടത്തി. ഹ്രസ്വകാലത്തേക്കുള്ള ഈ സന്ദർശനങ്ങൾ അവരെ സംബന്ധിച്ച് സംശയം ജനിപ്പിക്കുന്നതിന് ഇടയാക്കി. നടിയുടെ വരവും പോക്കും സൂക്ഷ്മമായി നിരീക്ഷിച്ച ഡി.ആർ.ഐ കഴിഞ്ഞ ദിവസം നടിയെ വിമാനത്താവളത്തിൽ തടയുകയായിരുന്നു. പിന്നീട് വിശദമായ പരിശോധനയിൽ ഇവരിൽ നിന്നും സ്വർണം പിടിക്കുകയായിരുന്നു. ഇവർ വിമാനത്താവളത്തിലെത്തിയ ദിവസങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങൾ വിശദമായി പരിശോധിക്കുമെന്ന് ഡി.ആർ.ഐ അറിയിച്ചു. പരിശോധന നടത്തുമ്പോൾ നടിക്ക് ഒരു ആശങ്കയും ഉണ്ടായിരുന്നില്ലെന്നും ഡി.ആർ.ഐ കൂട്ടിച്ചേർത്തു.
Also Read; ഷൈനി വീട്ടിലേക്കെത്തിയത് കടുത്ത ശാരീരിക പീഡനത്തെത്തുടര്‍ന്ന്; നോബിയെ ചോദ്യംചെയ്യുന്നു
ഐ.പി.എസ് ഉദ്യോഗസ്ഥർ പോലുള്ള മുതിർന്നവർക്ക് വേണ്ടിയുള്ള ഗ്രീൻ ചാനലിലൂടെയാണ് രന്യ വിമാനത്താവളത്തിൽ നിന്ന് പുറത്തെത്തിയിരുന്നത്. ഇതുമൂലം ഇവരെ പരിശോധനക്ക് വിധേയമാക്കിയിരുന്നില്ല. വിമാനത്താവളത്തിൽ നിന്ന് പുറത്തിറങ്ങിയ ശേഷം സർക്കാർ വാഹനത്തിലാണ് ഇവർ പോയിരുന്നത്.
കര്‍ണാടകയിലെ മുതിര്‍ന്ന ഐ.പി.എസ്. ഉദ്യോഗസ്ഥനായ കെ. രാമചന്ദ്ര റാവുവിന്റെ രണ്ടാംഭാര്യയുടെ മകളാണ് രന്യ റാവു. ആദ്യഭാര്യ മരിച്ചതിന് പിന്നാലെയാണ് ഐ.പി.എസ്. ഉദ്യോഗസ്ഥന്‍ രണ്ടുപെണ്‍മക്കളുള്ള മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചത്. ഈ സ്ത്രീയുടെ ആദ്യവിവാഹത്തിലെ രണ്ടുമക്കളില്‍ ഒരാളാണ് രന്യ റാവു. 2014-ലാണ് രന്യ റാവു കന്നഡ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. മാണിക്യ എന്ന കന്നഡ ചിത്രത്തിലാണ് നടി ആദ്യമായി അഭിനയിച്ചത്. അതേസമയം, രന്യ റാവുവുമായി നിലവില്‍ ബന്ധമില്ലെന്ന് ഐ.പി.എസ്. ഉദ്യോഗസ്ഥനായ പിതാവ് പറഞ്ഞു. വിവാഹശേഷം മകള്‍ തങ്ങളെ കാണാനെത്തിയിട്ടില്ലെന്നും മകളുടെ ഇടപാടുകളെക്കുറിച്ച് അറിയില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.