ബെംഗളൂരു വിമാനത്താവളം വഴി സ്വര്‍ണം കടത്താനുള്ള ശ്രമത്തിനിടെ അറസ്റ്റിലായ കന്നട നടി രന്യ റാവു സ്വര്‍ണം ഒളിപ്പിച്ച രീതികള്‍ വെളിപ്പെടുത്തി ഡയറക്ടര്‍ ഓഫ് റവന്യു ഇന്‍റലിജന്‍സ്. കൃത്യമായ ആസൂത്രണത്തോടെയാണ് രന്യ സ്വര്‍ണക്കടത്ത് നടത്തിയതെന്നും കടത്തുരീതികള്‍ യൂട്യൂബ് നോക്കി പരിശീലിച്ചുവെന്നും ഡിആര്‍ഐ പറയുന്നു.
വസ്ത്രത്തില്‍ സ്വര്‍ണം ഒളിപ്പിക്കുന്നതെങ്ങനെയെന്ന് പഠിക്കുന്നതിന് യൂട്യൂബിന്‍റെ സഹായം തേടിയതിന്‍റെ വിവരങ്ങളടക്കം രന്യയുടെ ജാമ്യാപേക്ഷ എതിര്‍ത്ത് കോടതിയില്‍ സമര്‍പ്പിച്ച രേഖയില്‍ ഡിആര്‍ഐ വിശദീകരിക്കുന്നു.
മാര്‍ച്ച് മൂന്നിനാണ് കര്‍ണാടകയിലെ മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍റെ മകളായ രന്യ ബെംഗളൂരു വിമാനത്താവളത്തില്‍ വച്ച് 14 കിലോ സ്വര്‍ണവുമായി പിടിയിലായത്. വസ്ത്രത്തില്‍ അതിവിദഗ്ധമായി ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം സൂക്ഷിച്ചത്. പിടിക്കപ്പെട്ടതോടെ, താന്‍ ആദ്യമായാണ് സ്വര്‍ണം കടത്തുന്നതെന്നായിരുന്നു രന്യയുടെ മൊഴി.
Also Read: കേസില്‍ കുടുക്കിയതാണ്, ഉറങ്ങാന്‍ കഴിയുന്നില്ല'; അഭിഭാഷകരുടെ മുന്നില്‍ പൊട്ടിക്കരഞ്ഞ് രന്യ റാവു
ദുബായ് എയര്‍പോര്‍ട്ടിലെ ടെര്‍മിനല്‍ മൂന്നിലെ ഗേറ്റ് എയില്‍ നിന്നാണ് രന്യയ്ക്ക് സ്വര്‍ണം ലഭിച്ചത്. വിമാനത്തവളത്തിലെത്തിയപ്പോള്‍ ഒരു ഇന്‍റര്‍നെറ്റ് കോള്‍ ലഭിച്ചുവെന്നും വെളുത്ത ഗൗണ്‍ ധരിച്ചയാള്‍ രണ്ട് പാക്കറ്റ് സ്വര്‍ണം തന്നെന്നും രന്യയുടെ മൊഴിയിലുണ്ട്. കട്ടിയുള്ള ടാർപോളിൻ പ്ലാസ്റ്റികിലായിരുന്നു സ്വര്‍ണം പൊതിഞ്ഞത്. ഡൈനിങ് ലോഞ്ചില്‍ വച്ച് ആറടി ഉയരമുള്ള അമേരിക്കന്‍ ഉച്ചാരണത്തില്‍ സംസാരിക്കുന്നൊരാളാണ് രന്യയ്ക്ക് സ്വര്‍ണം കൈമാറിയതെന്നും അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ച രേഖ വ്യക്തമാക്കുന്നു.
സ്വര്‍ണം കൈപ്പറ്റുന്നതിന് മുന്‍പ് രമ്യ വലിയ പ്ലാനിങ് നടത്തിയെന്ന് അന്വേഷണ സംഘം സമര്‍ഥിക്കുന്നു. വിമാനത്താവളത്തിലെത്തുന്നതിന് മുന്‍പ് അടുത്തുള്ള സ്റ്റേഷനറി കടയില്‍ നിന്നും ടേപ്പ് വാങ്ങി. വിമാനത്താവളത്തിന് അകത്തേക്ക് കത്രിക കടത്തിവിടില്ലെന്ന് അറിമായിരുന്നതിനാല്‍ ടേപ്പ് കഷണങ്ങളാക്കി ബാഗിനുള്ളില്‍ കരുതി. സ്വര്‍ണം ലഭിച്ചതിന് പിന്നാലെ സമീപത്തെ ശുചിമുറിയിലേക്ക് പോയി.
കൈപ്പറ്റിയ പന്ത്രണ്ട് സ്വര്‍ണക്കട്ടിയും ചെറിയ കഷ്ണങ്ങളും ശരീരത്തില്‍ ഒളിപ്പിച്ചു. ഇതിനായി യൂട്യൂബ് വിഡിയോകളുടെ സഹായം തേടി. സ്വര്‍ണക്കട്ടികള്‍ തുടയുടെ ഭാഗത്തും അരക്കെട്ടിലുമായും ബാക്കി വന്ന ചെറിയ കഷ്ണങ്ങള്‍ ഷൂസിനുള്ളിലും പോക്കറ്റിലുമായി തിരുകി.
അതേസമയം, സ്വര്‍ണക്കടത്തിന് രന്യയ്ക്ക് ഉന്നതങ്ങളില്‍ നിന്ന് സഹായം ലഭിച്ചുവെന്ന ആരോപണവും അന്വേഷണ സംഘം ആവര്‍ത്തിച്ചു. റാക്കറ്റിൽ ഉൾപ്പെട്ട ഒരു പ്രോട്ടോക്കോൾ ഓഫിസറുടെ സഹായത്തോടെ വിമാനത്താവളത്തിലെ സുരക്ഷാ സംവിധാനത്തിലൂടെയാണ് പുറത്ത് കടന്നതെന്നും ഡിആർഐ കോടതിയെ അറിയിച്ചു. തുടര്‍ച്ചയായ വിമാനയാത്രകളുടെ അടിസ്ഥാനത്തില്‍ വിമാനത്താവളത്തിന് പുറത്തിയ ഉടനെയാണ് ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ രന്യയെ തടയുന്നത്. കയ്യില്‍ സ്വര്‍ണം കണ്ടെത്തിയതോടെ അറസ്റ്റ് ചെയ്യുകയായിരുന്നു.
കഴിഞ്ഞ ആറു മാസത്തിനിടെ 27 ദുബായ് യാത്രകളാണ് നടി നടത്തിയത്. ഇതില്‍ നാലെണ്ണം 15 ദിവസത്തിന്‍റെ ഇടവേളയിലായിരുന്നു. 2014 ല്‍ കന്നട ചിത്രമായ 'മാണിക്യ'യിലൂടെയാണ് താരം അഭിനയ രംഗത്ത് സജീവമായത്.