തെന്നിന്ത്യന്‍ നടി രശ്മിക മന്ദാനയെ ചൊല്ലി കര്‍ണാടകയില്‍ രാഷ്ട്രീയപോര്. ബെംഗളൂരു ഫിലിം ഫെസ്റ്റില്‍ പങ്കെടുക്കാന്‍ വിസമ്മതിച്ച കന്നഡിഗയായ നടിയെ ഒരു പാഠംപഠിപ്പിക്കണമെന്ന കോണ്‍ഗ്രസ് എം.എല്‍.എയുടെ ഭീഷണിയാണു വിവാദത്തിലായത്.
കുടക് സ്വദേശിയായിട്ടും കന്നഡികരെ അപമാനിച്ച നടിയെ ഒരുപാഠം പഠിപ്പിക്കണമെന്നായിരുന്നു മണ്ഡ്യയില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.എല്‍.എ. രവികുമാര്‍ ഗൗഡയുടെ ഭീഷണി. ഫിലിം ഫെസ്റ്റിന്റെ ഉദ്ഘാടന ചടങ്ങില്‍ നിന്നു വിട്ടുനിന്ന സിനിമാ ലോകത്തെ കൈകാര്യം ചെയ്യാനറിയാമെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ പ്രസ്താവനയ്ക്കു തൊട്ടുപിറകയുള്ള എം.എല്‍.എയുടെ ഭീഷണി കോണ്‍ഗ്രസിന്റെ ഗുണ്ടാ സംസ്കാരത്തിന്റെ തെളിവാണന്ന ആരോപണവുമായി ബി.ജെ.പി രംഗത്തെത്തി.
അതേ സമയം കന്നഡ രക്ഷണ വേദിയടക്കമുള്ള തീവ്ര ഭാഷാ സംഘടനകള്‍ കോണ്‍ഗ്രസ് എം.എല്‍.എയ്ക്കു പിന്തുണയുമായെത്തിയോടെ ബി.ജെ.പി പ്രതിരോധത്തിലായി. ഭാഷാ വികാരമുയരുമെന്ന ഘട്ടമെത്തിയതോടെ കലാകാരന്‍മാര്‍ക്കുനേരെയുള്ള ആക്രമണമാണിതന്നാണു ബി.ജെ.പിയുടെ പുതിയ ആരോപണം.