ഡല്‍ഹി തുഗ്ലക് ലെയ്നിന്‍റെ പേരുമാറ്റി കേന്ദ്രമന്ത്രി ക്രിഷന്‍ പാല്‍ ഗുജാറും രാജ്യസഭ എം.പി ദിനേശ് ശര്‍മയും. ഇരുവരുടെയും വീടിന് മുന്‍പില്‍ സ്ഥാപിച്ച ബോര്‍ഡില്‍ വിവേകാനന്ദ മാര്‍ഗ് എന്നാണ് രേഖപ്പെടുത്തിയത്. ഡല്‍ഹിയില്‍ ബി.ജെ.പി. അധികാരത്തിലെത്തിയതിന് പിന്നാലെ പലസ്ഥലങ്ങളുടെയും പേരുമാറ്റണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. അതിനിടെയാണ് കേന്ദ്രമന്ത്രിയുടെയും എം.പിയുടെയും അനധികൃത നടപടി.
പതിനാലാം നൂറ്റാണ്ടില്‍ ഡല്‍ഹി ഭരിച്ചിരുന്ന ഗിയാസുദ്ദീന്‍ തുഗ്ലകിന്‍റെ ഓര്‍മയ്ക്കായാണ് ഈ റോഡിന് തുക്ലഗ് ലെയ്ന്‍ എന്ന് പേരിട്ടത്. ഇവിടെയുള്ള ആറാം നമ്പര്‍ വസതിയിലേക്ക് കഴിഞ്ഞദിവസം താമസം മാറിയ രാജ്യസഭ എം.പിയും യു.പി. മുന്‍ ഉപമുഖ്യമന്ത്രിയുമായ ദിനേശ് ശര്‍മ പാലുകാച്ചല്‍ ചടങ്ങിന് പിന്നാലെ വീടിരിക്കുന്ന റോഡിന്‍റെ പേരുമാറ്റിയ കാര്യം പരസ്യമാക്കി.
വിവേകാനന്ദ മാര്‍ഗ് എന്നാണ് പുതിയ പേര്. ബ്രാക്കറ്റില്‍ തുക്ലഗ് ലെയ്ന്‍ എന്നും എഴുതിച്ചേര്‍ത്തു. ഇതന്വേഷിച്ച് ചെന്നപ്പോഴാണ് തൊട്ടടുത്ത് താമസിക്കുന്ന കേന്ദ്രമന്ത്രി കിഷന്‍ പാല്‍ ഗുജാറും പേരുമാറ്റിയ കാര്യം അറിയുന്നത്. എന്നാല്‍ ഇങ്ങനെയൊരു പേരുമാറ്റം രേഖകളില്‍ എവിടെയുമില്ല. യുവാക്കള്‍ക്ക് പ്രചോദനമാകാനാണ് പേരുമാറ്റം എന്നാണ് കേന്ദ്രമന്ത്രി പറഞ്ഞത്.
മുസ്തഫാബാദിന്‍റെ പേര് ശിവപുരി എന്നും നജഫ് ഗഡിന്റെ പേര് നഹര്‍ഗഡ് എന്നും ആക്കണമെന്ന ആവശ്യം ചില എം.എല്‍.എമാര്‍ നേരത്തെ ഉയര്‍ത്തിയിരുന്നു.