യു.കെയില്‍ വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍ പങ്കെടുത്ത ചടങ്ങിനിടെ സുരക്ഷാവീഴ്ച. പ്രതിഷേധവുമായെത്തിയ ഖലിസ്ഥാനികള്‍ മന്ത്രിയുടെ വാഹനം തടയാന്‍ ശ്രമിച്ചു. സുരക്ഷാവീഴ്ചയില്‍ വിദേശകാര്യമന്ത്രാലയം ശക്തമായി അപലപിച്ചു
രാജ്യാന്തര നയരൂപീകരണ ഏജന്‍സിയായ ചതാംഹൗസ് സംഘടിപ്പിച്ച ചടങ്ങില്‍ എസ്.ജയശങ്കര്‍ പങ്കെടുക്കുമ്പോഴാണ് ഖലിസ്ഥാനികള്‍ സംഘടിച്ചെത്തിയത്. വേദിക്കുപുറത്ത് ഖലിസ്ഥാന്‍ പതാകകളുമായി എത്തിയ സംഘം ഉച്ചത്തില്‍ മുദ്രാവാക്യം മുഴക്കി. പൊലീസ് സ്ഥലത്തുണ്ടായിരുന്നെങ്കിലും ഇവരെ തടഞ്ഞില്ല. ചര്‍ച്ചകഴിഞ്ഞ് വിദേശകാര്യ മന്ത്രി മടങ്ങാന്‍ ഒരുങ്ങവെ അകമ്പടി വാഹനത്തിന് മുന്നിലേക്ക് ഒരാള്‍ ഓടിയെത്തി. ഇന്ത്യന്‍ പതാക കീറിയെറിയുകയും ചെയ്തു. സുരക്ഷാസേന ഉടന്‍ ഇയാളെ പിടിച്ചുമാറ്റി,.
സംഭവത്തെ ശക്തമായി അപലപിച്ച വിദേശകാര്യ മന്ത്രാലയം ആതിഥേയ രാജ്യം ഉചിതമായ നടപടി എടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അറിയിച്ചു. അഭിപ്രായ സ്വാതന്ത്ര്യത്തിന്‍റെ പേരില്‍ നടത്തുന്ന ഇത്തരം പ്രവൃത്തികള്‍ ഖേദകരമാണെന്നും മന്ത്രാലയം. ജനുവരിയില്‍ ഇന്ത്യന്‍ എംബസിയില്‍ റിപ്പബ്ലിക് ദിനാഘോഷം നടക്കുമ്പോഴും പുറത്ത് പ്രതിഷേധവുമായി ഖലിസ്ഥാനികള്‍ എത്തിയിരുന്നു. യു.കെ.പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ ഖലിസ്ഥാന്‍ വിഷയം വിദേശകാര്യമന്ത്രി ഉന്നയിക്കും എന്നാണ് അറിയുന്നത്.