ബിഹാറിലെ അരായില്‍ പട്ടാപ്പകല്‍ ജ്വല്ലറിയില്‍ തോക്കുചൂണ്ടി കവര്‍ച്ച. രാവിലെയാണ് ആയുധധാരികളായ ആറംഗ സംഘം എത്തിയത് കടയില്‍ എത്തിയത്. ജീവനക്കാരെ മുഴുവന്‍ തോക്കിന്‍മുനയില്‍ നിര്‍ത്തിയശേഷം ആഭരണങ്ങള്‍ ബാഗിലാക്കാന്‍ തുടങ്ങി. ഇതിനിടയില്‍ ജ്വല്ലറിയില്‍ ഉണ്ടായിരുന്ന ചിലരെ മര്‍ദിക്കുകയും ചെയ്തു. 25 കോടി രൂപയുടെ ആഭരണങ്ങളാണ് കവര്‍ന്നത്.
ഏകദേശം അരമണിക്കൂറോളം പ്രതികള്‍ ജ്വല്ലറിയില്‍ ഉണ്ടായിരുന്നു. സെക്യൂരിറ്റി ഗാര്‍ഡിന്‍റെ തോക്കുകൂടി പിടിച്ചുവാങ്ങിയാണ് ഇവര്‍ മടങ്ങിയത്. കവര്‍ച്ചയുടെ ദൃശ്യങ്ങള്‍ ജ്വല്ലറിയിലെ സി.സി.ടി.വി ക്യാമറയില്‍ പതിഞ്ഞിരുന്നു. ഭയചകിതരായി നില്‍ക്കുന്ന വനിതാ ജീവനക്കാരെ അടക്കം ദൃശ്യങ്ങളില്‍ കാണാം. പിന്നാലെ പൊലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
പൊലീസ് വ്യാപകമായി തിരച്ചില്‍ നടത്തുന്നതിനിടെ രണ്ട് പ്രതികള്‍ പിടിയിലായി. രക്ഷപ്പെടാന്‍ ശ്രമിച്ച കവര്‍ച്ചക്കാരെ ഏറ്റുമുട്ടലിലൂടെയാണ് പൊലീസ് പിടികൂടിയത്. നാലുപേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. പട്ടാപ്പകല്‍ നടന്ന കവര്‍ച്ചയില്‍ കടുത്ത ആശങ്കയിലാണ് നാട്ടുകാര്‍.