റംസാൻ മാസത്തിൽ ഗുൽമാർഗിൽ നടന്ന ഫാഷൻ ഷോയുടെ പേരില്‍ ജമ്മു കശ്മീരിൽ വൻ രാഷ്ട്രീയ വിവാദം. ചടങ്ങ് നടന്ന ഹോട്ടൽ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയുടെ കുടുംബാംഗങ്ങളുടെ ഉടമസ്ഥതയിലുള്ളതാണെന്ന് ആരോപിച്ച് ബിജെപി രംഗത്തെത്തി. സർക്കാരിന്‍റെ പങ്കാളിത്തമില്ലാത്ത സ്വകാര്യ ചടങ്ങായിരുന്നു ഇതെന്നാണ് ഒമർ അബ്ദുള്ളയുടെ വിശദീകരണം. ഇത് കശ്മീരി മൂല്യങ്ങൾക്കു നേരെയുള്ള ആക്രമണമാണെന്ന് പറഞ്ഞ ജമ്മു കശ്മീർ പ്രതിപക്ഷ നേതാവ് സുനിൽ ശർമ മുഖ്യമന്ത്രിയുടെ വാദം തള്ളി.
ഫാഷൻ ഷോയെ അപലപിച്ചു മുന്‍ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹബൂബ മുഫ്തിയും രംഗത്തെത്തി. വിഷയം അസ്വസ്ഥത ഉണ്ടാക്കുന്നതാണെന്ന് പറഞ്ഞ മുഫ്തി സർക്കാരിന്‍റെ സമീപനത്തേയും വിമർശിച്ചു. ജമ്മു കശ്മീരിന്‍റെ സാംസ്കാരിക മൂല്യങ്ങൾക്ക് വിരുദ്ധമായ ഇത്തരം അശ്ലീലതകൾ പ്രോത്സാഹിപ്പിക്കാൻ സ്വകാര്യ ഹോട്ടലുടമകളെ അനുവദിക്കുന്നത് ഖേദകരമാണ്. ഇതിനെ ഒരു സ്വകാര്യ കാര്യമായി മുദ്രകുത്തി സർക്കാരിന് ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ കഴിയില്ലെന്നും മെഹബൂബ മുഫ്തി പറഞ്ഞു.
ജമ്മു കശ്മീരിലെ മതനേതാക്കളും വിഷയത്തില്‍ അതൃപ്തി പ്രകടിപ്പിച്ചു. കശ്മീരിലെ മുഖ്യ പുരോഹിതൻ മിർവൈസ് ഉമർ ഫാറൂഖ് പരിപാടിയെ ശക്തമായി അപലപിച്ചു, ടൂറിസം പ്രൊമോഷന്‍റെ പേരിൽ അശ്ലീലം അനുവദിക്കില്ലെന്ന് ഉമർ ഫാറൂഖ് പറഞ്ഞു. വിഷയം മതനേതാക്കളും ഏറ്റെടുത്തതോടെ ഗുൽമാർഗിൽ നടന്ന ഫാഷൻ ഷോയ്ക്കെതിരെ കശ്മീരില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
സംഭവം വന്‍ വിവാദമായതോടെ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഒമർ അബ്ദുള്ള നിയമസഭയിൽ വ്യക്തമാക്കി. വർഷത്തിൽ ഒരു സമയത്തും ഇത്തരമൊരു പരിപാടി തന്‍റെ സർക്കാർ അനുവദിക്കില്ലെന്നും ഒമർ അബ്ദുള്ള പറഞ്ഞു. വിഷയം ജമ്മു കശ്മീർ നിയമസഭയിൽ ചൂടേറിയ വാഗ്വാദങ്ങൾക്ക് കാരണമായി. പ്രതിപക്ഷാംഗങ്ങളും പ്രതിപക്ഷത്തെ ചില എംഎല്‍എമാരും സർക്കാർ സാഹചര്യം കൈകാര്യം ചെയ്യുന്ന രീതിയെ രൂക്ഷമായി വിമർശിച്ചു. റംസാൻ സമയത്ത് ഇത് നടക്കാൻ പാടില്ലായിരുന്നുവെന്ന് പറഞ്ഞ മന്ത്രി സക്കീന ഇറ്റൂവും സംഭവത്തെ അപലപിച്ചു.