കായംകുളം നഗരസഭയിലെ ജനകീയ ആരോഗ്യ കേന്ദ്രത്തിന്‍റെ ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രത്യേക വിഭാഗത്തിന്‍റെ പ്രാർത്ഥന നടത്തിയെന്ന വിവാദത്തിൽ പോലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. ഉദ്ഘാടന ചടങ്ങിന് മുൻപേ കൗൺസിലറുടെ നേതൃത്വത്തിൽ മതപരമായ ചടങ്ങുകൾ നടത്തിയതിനെതിരെ നഗരസഭ സെക്രട്ടറി നൽകിയ പരാതിയിലാണ് നടപടി. മതചടങ്ങ് നടത്തിയതിനെതിരെ ബിജെപി രംഗത്തെത്തിയിരുന്നു.
കായംകുളം നഗരസഭയിലെ അയ്യൻകോയിക്കൽ നഗറിലെ ജനകീയ ആരോഗ്യകേന്ദ്രത്തിന്‍റെ ഉദ്ഘാടനമാണ് വിവാദമായത്. മന്ത്രി സജി ചെറിയാനായിരുന്നു ഉദ്ഘാടകൻ. മന്ത്രി വരുന്നതിന് മുൻപ് മുസ്ലീംലീഗ് കൗൺസിലർ നവാസ് മുണ്ടകത്തിലിന്‍റെ നേതൃത്വത്തിൽ പ്രാർഥന നടത്തി. നിശ്ചയിച്ച സമയത്ത് ജനകീയ ആരോഗ്യ കേന്ദ്രം മന്ത്രി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
എന്നാൽ മന്ത്രി വരും മുൻപേ കൗൺസിലർ കെട്ടിടം ഉദ്ഘാടനം ചെയ്തതായ ദൃശ്യങ്ങൾ പ്രചരിച്ചു. സർക്കാർ ഉടമസ്ഥയിലുള്ള കെട്ടിടത്തിൽ മതചടങ്ങ് നടത്തിയതിനെതിരെ ബിജെപിയും രംഗത്ത് എത്തി. പ്രതിഷേധം ശക്തമായതിനെ തുടർന്നാണ് നഗരസഭ സെക്രട്ടറി പരാതി നൽകിയത്. പരാതിയിൽ കായംകുളം പോലീസ് പ്രഥമിക അന്വേഷണം ആരംഭിച്ചു.