ഷമ മുഹമ്മദ് രോഹിത് ശര്‍മയെ കുറിച്ച് നടത്തിയ പരാമര്‍ശത്തിന്‍റെ പേരില്‍ രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് ബി.ജെ.പി എം.പി സംപിത് പാത്ര. ലോക്സഭയില്‍ ഉപധനാഭ്യര്‍ഥന ചര്‍ച്ചയ്ക്കിടെ സംപിത് പാത്ര നടത്തിയ പരാമര്‍ശം വന്‍ പ്രതിപക്ഷ പ്രതിഷേധത്തിന് ഇടയാക്കി. തുടര്‍ന്ന് എം.പി പരാമര്‍ശം പിന്‍വലിച്ചു.
രോഹിത് ശര്‍മയ്ക്ക് തടികൂടുതലാണെന്നും ഫിറ്റ് അല്ലെന്നുമുള്ള ഷമ മുഹമ്മദിന്‍റെ പരാമര്‍ശമാണ് രാഹുലിനെ ആക്രമിക്കാന്‍ സംപിത് പാത്ര ഉപയോഗിച്ചത്. രോഹിതിനല്ല രാഹുല്‍ ഗാന്ധിക്കാണ് ആ വിശേഷം ചേരുക എന്ന അര്‍ഥത്തിലായിരുന്നു സംപിത് പാത്രയുടെ വാക്കുകള്‍. മോദിയുടെ നായകത്വത്തില്‍ ഇന്ത്യ ലോകചാമ്പ്യനാവുമെന്നും അദ്ദേഹം പറഞ്ഞു.
പിന്നാലെ മുദ്രാവാക്യം വിളികളുമായി പ്രതിപക്ഷാംഗങ്ങള്‍ എഴുന്നേറ്റു. പ്രതിഷേധം നീണ്ടതോടെ പുറത്തുപോയ സംപിത് പാത്രയെ സ്പീക്കര്‍ വിളിച്ചുവരുത്തി. പറഞ്ഞത് ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ പിന്‍വലിക്കാമെന്ന് സംപിത് പാത്ര. പരാമര്‍ശം രേഖകളില്‍ നിന്ന് നീക്കുന്നുവെന്ന് സ്പീക്കറും പറഞ്ഞു. രാഹുല്‍ ഗാന്ധിയെ ഭരണപക്ഷം നിരന്തരം വ്യക്തിപരമായി ആക്ഷേപിക്കുകയാണെന്ന് കെ.സി.വേണുഗോപാല്‍ കുറ്റപ്പെടുത്തി.മണിപ്പുരിന്‍റെ പേരിലും സഭയില്‍ ഇന്നലെ വാഗ്വാദമുണ്ടായി.