പാക്കിസ്ഥാനിലെ ബലൂചിസ്ഥാനിലെ ബോലാനിൽ തീവ്രവാദികളുടെ ട്രെയിൻ ആക്രമണത്തിന് ശേഷം രക്ഷാപ്രവർത്തനട്രെയിനിന് സമീപം നടക്കുന്ന പൊലീസ് ഉദ്യോഗസ്ഥർ, മാഷ്കഫ് റെയിൽവേ സ്റ്റേഷനിൽ, മാർച്ച് 12, 2025. (REUTERS/Naseer Ahmed)
ബലൂചിസ്ഥാൻ ട്രെയിൻ ആക്രമണത്തിൽ അടക്കം ഇന്ത്യക്കു പങ്കുണ്ടെന്ന പാകിസ്ഥാൻ ആരോപണത്തോട് രൂക്ഷമായി പ്രതികരിച്ച് വിദേശകാര്യ മന്ത്രാലയം. ആരോപണം അടിസ്ഥാനരഹിതമെന്നും സ്വന്തം പരാജയത്തിന് മറ്റുള്ളവരെ പഴിചാരിയിട്ട് കാര്യമില്ലെന്നും വിദേശകാര്യ വക്താവ് പറഞ്ഞു.
ബലൂചിസ്ഥാൻ ട്രെയിൻ ആകമണത്തെ കുറിച്ച് വിശദീകരിക്കുന്നതിനിടെയാണ് കഴിഞ്ഞ ദിവസം പാക് വിദേശകാര്യ വക്താവ് ഇന്ത്യക്കെതിരെ ആരോപണം ഉന്നയിച്ചത്. രാജ്യത്തെ ഭികരവാദ പ്രവർത്തനങ്ങളിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന നിലപാടിൽ മാറ്റമില്ലെന്ന് ചോദ്യത്തിന് മറുപടിയായി വക്താവ് പറഞ്ഞു. അടിസ്ഥാന രഹിതമെന്ന് വ്യക്തമാക്കിയ ഇന്ത്യ ആഗോള ഭീകരവാദത്തിൻ്റെ പ്രഭവ കേന്ദ്രം പാക്കിസ്ഥാനാണെന്ന് എല്ലാവർക്കും അറിയാമെന്നും തിരിച്ചടിച്ചു.
സ്വന്തം രാജ്യത്തിന്റെ വീഴ്ചയും ഭരണ പരാജയവും മറച്ചുവയ്ക്കാൻ മറ്റുള്ളവർക്കു നേരെ വിരൽ ചൂണ്ടിയിട്ട് കാര്യമില്ലെന്നും വിദേശകാര്യ വക്തവ് രൺധീർ ജയ്സ്വാൾ പറഞ്ഞു. ചൊവ്വാഴ്ച ബലൂച് ലിബറേഷന്‍ ആര്‍മി ജാഫര്‍ എക്സ്പ്രസ് റാഞ്ചിയതില്‍ ഇന്ത്യക്കു പങ്കുണ്ടെന്ന് പാക് മാധ്യമങ്ങള്‍ നേരത്തെ ആരോപിച്ചിരുന്നു. അഫ്ഗാനിസ്ഥാനില്‍നിന്നാണ് അക്രമികള്‍ക്ക് നിര്‍ദേശം ലഭിച്ചതെന്ന പാക് സൈന്യത്തിന്റെ ആരോപണം അഫ്ഗാന് വിദേശകാര്യ മന്ത്രാലയവും തള്ളി.