രാജ്യാന്തര ബന്ധങ്ങളെ സങ്കീര്‍ണമാക്കുന്ന ട്രംപ് തന്ത്രങ്ങള്‍ക്കിടെ ഇന്ന് റെയ്സീന ഡയലോഗ്. യുഎസ്– യുക്രെയ്ന്‍ പ്രതിനിധികള്‍ മുഖാമുഖമെത്തുന്ന രാജ്യാന്തര വേദി കൂടിയാണ് റെയ്സീന ഡയലോഗ്. ന്യൂസീലന്‍ഡ് പ്രധാനമന്ത്രിയാണ് പത്താം എഡിഷണിലെ മുഖ്യാതിഥി. പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും.
യുക്രെയ്ന്‍ യുദ്ധം അവസാനിക്കാന്‍ പോകുന്നുവെന്ന പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് രാജ്യാന്തര സമൂഹം ഡല്‍ഹിയില്‍ ഒത്തുകൂടുന്നത്. ഇന്‍റലിജന്‍സ് ഡയറക്ടര്‍ തുള്‍സി ഗബാര്‍ഡിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് അമേരിക്കയെ പ്രതിനിധീകരിക്കുക. യുക്രെയ്ന്‍ വിദേശകാര്യമന്ത്രി ആന്‍ഡ്രി സിബിഹയും പങ്കെടുക്കുന്നതിനാല്‍ യുദ്ധം തന്നെയാവും പ്രധാന ചര്‍ച്ചയെന്നുറപ്പ്. മ്യൂണിച്ച് കോണ്‍ഫറന്‍സില്‍ യൂറോപ്പിനെ ചീത്ത പറഞ്ഞ യുഎസ് വൈസ് പ്രസിഡന്‍റിന്‍റെ അതേ പാതയാണ് തുള്‍സി ഗബാര്‍ഡിന്‍റേതെങ്കില്‍ ഊഷ്മളമാവില്ല റെയ്സീന ഡയലോഗ്. ഇരുപത് യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ തിരിച്ചടിക്കുമെന്നുറപ്പ്. പാക്കിസ്ഥാനും ബംഗ്ലദേശുമൊഴികെയുള്ള ഇന്ത്യയുടെ അയല്‍രാജ്യങ്ങളുടെ പ്രതിനിധികളും പങ്കെടുക്കും.