യെമനിലെ ഹൂതി കേന്ദ്രങ്ങളില്‍ വന്‍ വ്യോമാക്രമണം നടത്തി അമേരിക്ക. യെമന്‍ തലസ്ഥാനമായ സനയില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഒന്‍പതുപേര്‍ കൊല്ലപ്പെട്ടെന്നും ഒന്‍പതുപേര്‍ക്ക് പരുക്കേറ്റുവെന്നും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. യുഎസ് കപ്പലുകള്‍ക്ക് നേരെ ഹൂതികള്‍ ആക്രമണം നടത്തിയ സാഹചര്യത്തിലാണ് നടപടി. ചെങ്കടലിലെ ആക്രമണങ്ങള്‍ നിര്‍ത്തിയില്ലെങ്കില്‍ വന്‍ ദുരന്തമുണ്ടാകുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. ട്രംപ് അധികാരത്തിലെത്തിയ ശേഷം ആദ്യമായാണ് ഹൂതികള്‍ക്കെതിരെ യുഎസ് ആക്രമണം നടത്തുന്നത്.
This image taken from video provided by the U.S. Navy shows an aircraft launching from the USS Harry S. Truman in the Red Sea before airstrikes in Sanaa, Yemen, Saturday, March 15, 2025. (U.S. Navy via AP)
സനായില്‍ യുഎസ് ആക്രമണം നടത്തിയതായി ഹൂതികളുടെ നിയന്ത്രണത്തിലുള്ള മഷിരാഹ് ടിവി സ്ഥിരീകരിച്ചു. തങ്ങളുടെ ലക്ഷ്യം പൂര്‍ത്തീകരിക്കുന്നത് വരെ മാരകമായ ആക്രമണം നടത്തുമെന്ന് ട്രംപ് ട്രൂത്ത്പോസ്റ്റിലിട്ട കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. വിമതര്‍ക്കുള്ള പിന്തുണ ഇറാന്‍ ഉടന്‍ നിര്‍ത്തണമെന്നും ട്രംപ് ആവശ്യപ്പെട്ടിരുന്നു.
ആക്രമണത്തിന് മറുപടിയില്ലാതെ കടന്നുപോകില്ലെന്നായിരുന്നു ഹൂതികളുടെ പ്രതികരണം. യെമൻ സായുധ സേന അക്രമത്തെ നേരിടാൻ പൂർണ സജ്ജമാണെന്നും വിമതസേന വ്യക്തമാക്കി. പത്ത് വര്‍ഷത്തിലേറെയായി യെമന്റെ വലിയ തോതിലുള്ള നിയന്ത്രണം ഹൂതികളുടെ കയ്യിലാണ്. ഇസ്രയേലിനെയും അമേരിക്കയെയും എതിര്‍ക്കുന്ന ഇറാന്‍ അനുകൂല ഗ്രൂപ്പുകളിലൊന്നാണ് ഹൂതികള്‍. ഗാസ യുദ്ധം ആരംഭിച്ചതിന് ശേഷം ചെങ്കടലില്‍ ഹൂതികള്‍ യുഎസ്, ഇസ്രയേല്‍ കപ്പലുകള്‍ക്ക് നേരെ ആക്രമണം നടത്തിയിരുന്നു. പാലസ്തീനികള്‍ക്കുള്ള പിന്തുണയായാണ് ഹൂതികളുടെ ആക്രമണം.
Smoke rises from a location reportedly struck by U.S. airstrikes in Sanaa, Yemen, Saturday, March 15, 2025. (AP/PTI)
ജനുവരിയില്‍ ഗാസ വെടിനിര്‍ത്തല്‍ കരാറിന് പിന്നാലെ ഹൂതികളും ആക്രമണങ്ങള്‍ അവസാനിപ്പിച്ചിരുന്നു. എന്നാല്‍ പലസ്തീനിലേക്ക് ഇസ്രയേല്‍ സഹായം നിര്‍ത്തിവച്ചതോടെ വീണ്ടും ആക്രമണം തുടങ്ങുമെന്ന് ചൊവ്വാഴ്ചയാണ് ഹൂതികള്‍ വ്യക്തമാക്കിയത്.
ലോകത്തെ ചരക്കുഗതാഗതത്തിന്‍റെ 12 ശതമാനവും കടന്നുപോകുന്ന ചെങ്കലടിലില്‍ ഹൂതികളുടെ നിരന്തരമായ ഡ്രോണ്‍, മിസൈല്‍ ആക്രമങ്ങള്‍ ചരക്കുഗതാഗതത്തെ ബാധിച്ചിരുന്നു. ഇതോടെ കമ്പനികള്‍ തെക്കന്‍ ആഫ്രിക്ക വഴിയുള്ള റൂട്ട് തിരഞ്ഞെടുക്കേണ്ടി വന്നിരുന്നു. നേരത്തെ ഹൂതികള്‍ക്ക് നേരെ ബ്രിട്ടീഷ് സഹായത്തോടെ നിരവധി ആക്രമങ്ങള്‍ യുഎസ് നടത്തിയിട്ടുണ്ട്.