പ്രതീകാത്മക ചിത്രം.
മകന്‍റെ മരണവാര്‍ത്ത അറിഞ്ഞതിനു പിന്നാലെ ആശുപത്രി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി അമ്മ. രാജസ്ഥാനിലെ അജ്മീറിലാണ് സംഭവം. നാല്‍പതുകാരിയായ രേഖ ലോഹര്‍ ഗുരുതരപരുക്കുകളോടെ ചികില്‍സയില്‍ തുടരുകയാണ്. തലയ്ക്കും കൈകാലുകള്‍ക്കുമാണ് കൂടുതല്‍ പരുക്ക് പറ്റിയിരിക്കുന്നത്.
വീട്ടിലുണ്ടായിരുന്ന മരുന്ന് അബദ്ധത്തില്‍ എടുത്ത് കഴിച്ചതോടെ കഴിഞ്ഞ വ്യാഴാഴ്ചയാണ് രേഖയുടെ മകനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നാലു ദിവസം ഗുരുതരാവസ്ഥയില്‍ കഴിഞ്ഞ യോഗേഷ് കുമാര്‍ (18) ഞായറാഴ്ചയോടെ മരിച്ചു. മകന്‍റെ മരണം രേഖയെ അറിയിച്ചതിനു തൊട്ടുപിന്നാലെ അവര്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടുകയായിരുന്നു.
ആശുപത്രിയുടെ രണ്ടാം നിലയില്‍ നിന്നാണ് രേഖ ചാടിയത്. മകന്‍റെ മരണവാര്‍ത്തയുടെ ആഘാതം താങ്ങാനാകാതെയാണ് രേഖ ഇത് ചെയ്തതെന്ന് ബന്ധുക്കള്‍ പറയുന്നു. യോഗേഷിന്‍റെ മരണത്തില്‍ ദുരൂഹതകളൊന്നുമില്ലെന്നും എസ്എച്ച്ഒ ദിനേഷ് കുമാര്‍ വ്യക്തമാക്കി.