286 ദിവസം മൈക്രോഗ്രാവിറ്റിയില്‍ ജീവിക്കുക അത്ര എളുപ്പമല്ല. ദീര്‍ഘകാലത്തേക്ക് നീണ്ടുനിന്നേക്കാവുന്ന ആരോഗ്യ പ്രശ്നങ്ങളാകും ഭൂമിയില്‍ തിരിച്ചെത്തിയ സുനിത വില്യംസിനെയും ബുച്ച് വില്‍മോറിനെയും കാത്തിരിക്കുന്നത്.
ഒന്‍പത് മാസം ബഹിരാകാശത്ത് കഴിയേണ്ടിവന്ന സുനിത വില്യംസിനോട് നിങ്ങള്‍ക്കിപ്പോള്‍ ആരെയെങ്കിലും കാണാന്‍ ആഗ്രഹമുണ്ടോയെന്ന് ചോദിച്ചപ്പോള്‍ മറുപടി ഇങ്ങനെയായിരുന്നു. അവരുടെ വീട്ടില്‍ രണ്ട് നായ്ക്കുട്ടികളുണ്ട്. അവയെ ഓമനിക്കാനും കൊഞ്ചിക്കാനും തോന്നുന്നുണ്ടെന്നായിരുന്നു സുനിതയുടെ മറുപടി. എന്നാല്‍ ബുച്ച് വില്‍മോറിന്റെ സ്ഥിതി അല്‍പം വ്യത്യസ്തമാണ്. ടെക്സസിലെ പസഡെന പള്ളിയിലെ പാസ്റ്ററാണ് അദ്ദേഹം. എന്നാല്‍ ബഹിരാകാശ ദൗത്യത്തിന് ശേഷം വില്‍മോറിന് അവിടെയെത്തി പാസ്റ്റര്‍ ജോലിയില്‍ ഏര്‍പ്പെടാനും സുനിതയ്ക്ക് തന്റെ നായ്ക്കളെ കളിപ്പിക്കാനും ഇനിയും ഒരുപാട് നാള്‍ കാത്തിരിക്കേണ്ടിവരും.
ഏറ്റവും കുറഞ്ഞത് നാസയുടെ 45 ദിവസത്തെ റീഹാബിലിറ്റേഷന്‍ കാലാവധിയെങ്കിലും പൂര്‍ത്തിയാക്കണം. സാധാരണ ഒരു യാത്ര കഴിഞ്ഞെത്തുന്നതു പോലയല്ല, ബഹിരാകാശ യാത്ര കഴിഞ്ഞ് ഭൂമിയില്‍ തിരിച്ചെത്തുമ്പോഴുള്ള അവസ്ഥ. മാസങ്ങളോളം മൈക്രോഗ്രാവിറ്റിയില്‍ കഴിഞ്ഞതിന്‍റെ തിക്തഫലങ്ങള്‍ അവരെ കാത്തിരിക്കുന്നുണ്ട്.
ഗുരുതാകര്‍ഷണം ഇല്ലാത്തതിനാല്‍ ബഹിരാകാശത്ത് ശരീരത്തെ താങ്ങി നിര്‍ത്തേണ്ട ആവശ്യമില്ല. അതിനാല്‍ കാലിലെയും പേശികളിലെയും ബലം നഷ്ടപ്പെടും. എല്ലുകളുടെ സാന്ദ്രത വലിയതോതില്‍ കുറയും. ശരീരത്തിലെ ദ്രാവകങ്ങള്‍ തലച്ചോറിലേക്ക് പ്രവഹിക്കുന്നതിനാല്‍ കാഴ്ചയ്ക്കും ഓര്‍മശക്തിക്കും സാരമായ കുറവുണ്ടാകുന്നു. ഹൃദയത്തിന് ശക്തിയായി പ്രവര്‍ത്തിക്കേണ്ടിവരുന്നതിനാല്‍ ഹൃദയപേശികളും ദുര്‍ബലമാകും.
ബഹിരാകാശ യാത്രികരുടെ കണ്ണുകള്‍ക്കും വലിയ സമ്മര്‍ദമാണ് അനുഭവപ്പെടുക . ഇത് കണ്ണിന്‍റെ ആകൃതി മാറുന്നതിനും ഇടയാക്കുന്നുവെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇതിനെല്ലാം പുറമേ ഒറ്റപ്പെട്ട് കഴിഞ്ഞ നാളുകളിലെ മാനസിക സമ്മര്‍ദം വേറെ. ചുരുക്കിപ്പറഞ്ഞാല്‍ സുനിതയും വില്‍മോറും സാധാരണ സ്ഥിതിയിലേക്ക് തിരിച്ചെത്താന്‍ ഏറ്റവും കുറഞ്ഞത് രണ്ട്–മൂന്ന് മാസമെങ്കിലും എടുക്കും.