spacex-boeing

സുനിത വില്യംസിന്‍റെ തിരിച്ചുവരവോടെ ‘ബോയിങ്’ കമ്പനിയും ഇലോൺ മാസ്കിന്‍റെ ‘സ്പേസ്എക്സും തമ്മലുള്ള കിടമല്‍സരം പുതിയ വഴിത്തിരിവില്‍ . ആകാശപ്പോരിന് പിന്നില്‍ ട്രംപും ബൈഡനുമിടയിലെ കിടമല്‍സരവും കാരണമാണ്. യുഎസിലെ സ്വകാര്യ ബഹിരാകാശരംഗത്ത് ഇലോൺ മസ്കിന്റെയും സ്പേസ്എക്സ് കമ്പനിയുടെയും ആധിപത്യം ഊട്ടിയുറപ്പിക്കുന്നതാണ് കഴിഞ്ഞ ദിവസത്തെ ‘ഡ്രാഗൺ ക്രൂ 9’ മിഷൻ. ട്രംപ് ഭരണത്തിലുള്ള ഇടപെടലില്‍ പ്രതിഷേധം വ്യാപിക്കുന്നതിനിടെ വലിയ ജനപിന്തുണയാണ് ഈ ദൗത്യത്തിലൂടെ മസ്കിന് ലഭിച്ചത്.

 

ബോയിങ് കമ്പനിയുടെ ‘സ്റ്റാർലൈനർ’ എന്ന പേടകത്തിലാണ് സുനിത വില്യംസ് കഴിഞ്ഞ ജൂൺ അഞ്ചിന് രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്കതിയത്. 8 ദിവസം കഴിഞ്ഞ് അതേ പേടകത്തിൽ തിരികെയെത്തേണ്ടിയിരുന്നു പദ്ധതി. എന്നാല്‍ സ്റ്റാർലൈനറിന്റെ തകരാറുമൂലം സുനിത 287 ദിവസമാണ് ബഹിരാകാശത്ത് കഴിച്ചുകൂട്ടേണ്ടി വന്നത്.

 

സുനിതയടക്കമുള്ള യാത്രികരെ തിരിച്ചെത്തിക്കാമെന്ന് സ്പേസ്എക്സ് വാഗ്ദാനം ചെയ്തെങ്കിലും ബൈഡൻ രാഷ്ട്രീയ കാരണങ്ങളാൽ ഇതു നിരസിച്ചുവെന്ന് മസ്ക് ഈയിടെ വെളിപ്പെടുത്തിയിരുന്നു. ബോയിങ്ങിന്‍റെ സ്റ്റാർലൈനർ വഴി ഇവരെ തിരിച്ചെത്തിക്കാൻ കഴിയില്ലെന്നു വ്യക്തമായതോടെയാണ് സ്പേസ്എക്സ് രംഗപ്രവേശം ചെയ്യുന്നത്.

 

ബൈഡന്‍റെ പിടിപ്പുകേടാണ് സുനിതയുടെ മടക്കയാത്ര വൈകിപ്പിച്ചതെന്ന പ്രതീതി വരുത്താൻ ട്രംപ് ശ്രമിക്കുന്നുണ്ടായിരുന്നു. ഏറ്റവുമൊടുവിൽ യുഎസ് പ്രസിഡന്‍റിന്‍റെ ഔദ്യോഗിക വിമാനമായ ‘എയർഫോഴ്സ് വണ്ണിന്‍റെ പുതിയ പതിപ്പ് ലഭ്യമാക്കുന്നതിൽ ബോയിങ് വരുത്തിയ കാലതാമസത്തിനെതിരെ ട്രംപ് പരസ്യമായി രംഗത്തുവന്നിരുന്നു.

 

ട്രംപ് ഭരണത്തിലേറിയതോടെ അദ്ദേഹത്തിന്റെ വിശ്വസ്തൻ കൂടിയായ മാസ്കിന്‍റെ സ്പേസ്എക്സിന് നാസയുടെ കൂടുതൽ ദൗത്യങ്ങൾ ലഭിക്കുമെന്നാണ് വിലയിരുത്തൽ. ശതകോടികളൊഴുകുന്ന സ്വകാര്യ ബഹിരാകാശ സ്ഥാപനങ്ങളുടെ കിടമത്സരത്തിൽ നിർണായകമായ മുന്നേറ്റമാണു സ്പേസ്എക്സ് നടത്തിയിരിക്കുന്നത്. നിലവിലെ അമേരിക്കന്‍ രാഷ്ട്രീയ സാഹചര്യത്തില്‍ വലിയ നേട്ടവുമാണ് ദൗത്യം മസ്കിന് നേടിക്കൊടുത്തരിക്കുന്നത്.

ENGLISH SUMMARY:

Sunita Williams' return highlights the competition between Boeing, Elon Musk's SpaceX, and the political rivalry between Trump and Biden. The recent 'Dragon Crew-9' mission has further cemented SpaceX's dominance in the US private space sector. Amid growing protests against Trump's interventions, Musk has gained significant public support through this mission.