സാന്ത്വന സന്ദേശവുമായി സുപ്രീംകോടതി ജഡ്ജിമാർ മണിപ്പുരിൽ. ജസ്റ്റിസ് ബി.ആർ.ഗവായിയുടെ നേതൃത്വത്തിലുള്ള സംഘം ദുരിതാശ്വാസ ക്യാംപുകൾ സന്ദർശിച്ചു. സന്ദർശനത്തിലും കല്ലുകടി. മെയ്തെയ് വിഭാഗക്കാരനായ ജഡ്ജി കൊടിശ്വർ സിങ്, കുക്കി മേഖലയായ ചുരാചന്ദ്പൂർ സന്ദർശിക്കരുതെന്ന് ജില്ലാ ബാർ അസോസിയേഷൻ ആവശ്യപ്പെട്ടു.
നാഷനൽ ലീഗൽ സർവീസസ് അതോറിറ്റി എക്സിക്യൂട്ടീവ് ചെയർമാനായ സുപ്രീംകോടതി ജഡ്ജി, ജസ്റ്റിസ് ബി.ആർ.ഗവായിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇംഫാലിലെത്തിയത്. കനത്ത സുരക്ഷയിൽ ജഡ്ജിമാരുടെ സംഘം ആദ്യം പോയത്, ചുരാചന്ദ്പൂരിലെ ദുരിതാശ്വാസ ക്യാംപിലാണ്. കലാപ ബാധിതർക്ക് നിയമപരവും മാനുഷികവുമായ സഹായം ഉറപ്പാക്കാനാണ് ജഡ്ജിമാരുടെ സന്ദർശനം.
മണിപ്പുരിൽനിന്നുള്ള ജഡ്ജി, ജസ്റ്റിസ് എൻ.കൊടിശ്വർ സിങ് കുക്കി മേഖലയായ ചുരാചന്ദ്പൂർ സന്ദർശിച്ചില്ല. മെയ്തെയ് വിഭാഗക്കാരനായ കൊടിശ്വർ സിങ് ചുരാചന്ദ്പൂർ സന്ദർശിക്കരുതെന്ന് ജില്ലാ ബാർ അസോസിയേഷൻ ആവശ്യപ്പെട്ടിരുന്നു. മണിപ്പുർ ഹൈക്കോടതിയുടെ വാർഷിക പരിപാടിയിലും ജഡ്ജിമാർ പങ്കെടുക്കും. നിലവിൽ രാഷ്ട്രപതി ഭരണത്തിലാണ് മണിപ്പുർ.