ജഡ്ജി നിയമനത്തിലടക്കം ജുഡീഷ്യറിയില്‍ 33 ശതമാനം സ്ത്രീ സംവരണം നടപ്പാക്കണമെന്ന് വനിത അഭിഭാഷകരുടെ ദേശീയ സമ്മേളനം. നീതിന്യായ വ്യവസ്ഥയുടെ എല്ലാ തലങ്ങളിലും അസമത്വം അവസാനിപ്പിക്കണമെന്നും വനിത കമ്മീഷന്‍ അധിവക്ത പരിഷത്തുമായി ചേര്‍ന്ന് സംഘടിപ്പിച്ച സമ്മേളനത്തില്‍ ആവശ്യമുയര്‍ന്നു.
വനിത അഭിഭാഷകരുടെ എണ്ണം വര്‍ധിക്കുന്നുണ്ടെങ്കിലും കോടതികളിലെ ന്യായാധിപ സ്ഥാനങ്ങളില്‍ സ്ത്രീ പ്രാതിനിധ്യം ഇന്നും കുറവാണ്. ജില്ലാ ജുഡീഷ്യറികളില്‍ ആശാവഹമായ പുരോഗതിയുണ്ട്. പക്ഷേ ഹൈക്കോടതികളിൽ 13.4 ശതമാനം മാത്രമാണ് വനിത ജഡ്ജിമാര്‍, സുപ്രീം കോടതിയില്‍ നിലവില്‍ രണ്ട് വനിത ജഡ്ജിമാര്‍ മാത്രം. ഈ പശ്ചാത്തലത്തിലാണ് ജുഡീഷ്യറിയിലെ എല്ലാ തലങ്ങളിലും സ്ത്രീകൾക്ക് 33 ശതമാനം സംവരണമെന്ന് വനിത അഭിഭാഷകരുടെ സമ്മേളനത്തില്‍ പ്രമേയം പാസാക്കിയത്.
ബാർ കൗൺസിലിലും അസോസിയേഷനുകളിൽ സ്ത്രീകൾക്ക് മതിയായ പ്രാതിനിധ്യം നല്‍കണം, കോടതി പരിസരങ്ങളിൽ സ്ത്രീകള്‍ക്കായി അടിസ്ഥാന സൗകര്യങ്ങളൊരുക്കണം, സ്ത്രീ പ്രതിനിധികളുമായുള്ള കൂടിയാലോചനയ്ക്കുശേഷമേ സ്ത്രീകളെ ബാധിക്കുന്ന നിയമനിർമ്മാണങ്ങള്‍ നടത്താവു തുടങ്ങിയ ആവശ്യങ്ങളും പ്രമേയങ്ങളായി. വനിത ദിനത്തോടനുബന്ധിച്ച് ദേശീയ വനിത കമ്മീഷനും അഖില ഭാരതീയ അധിവക്ത പരിഷത്തും ചേര്‍ന്ന് ഡല്‍ഹിയില്‍ രണ്ടുദിവസം നീണ്ട സമ്മേളനം സംഘടിപ്പിച്ചത്. രാജ്യത്തുടനീളമുള്ള ആയിരത്തി അഞ്ഞൂറോളം വനിത അഭിഭാഷകര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.