വസതിയില്‍ അനധികൃത പണം കണ്ടെത്തിയതില്‍ ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ടും എതിരായാല്‍ ജസ്റ്റിസ് വര്‍മയുടെ രാജി ആവശ്യപ്പെടാന്‍ നീക്കം. ജുഡീഷ്യല്‍ സമിതി ഉടന്‍ അന്വേഷണം തുടങ്ങും. പണം കണ്ടെത്തിയതിന്‍റെ ദൃശ്യങ്ങളടക്കം അന്വേഷണറിപ്പോർട്ട് പുറത്തുവിട്ട സുപ്രീം കോടതി നടപടിയെ അഭിഭാഷകര്‍ പ്രശംസിച്ചു.
ജസ്റ്റിസ് യശ്വന്ത് വർമയുടെ വീട്ടൽ പണം കണ്ടെത്തിയത് സ്ഥിരീകരിക്കുന്ന ദൃശ്യങ്ങളടക്കം ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡി.കെ.ഉപാധ്യായ നല്‍കിയ റിപ്പോര്‍ട്ടാണ് സുപ്രീം കോടതി പുറത്തുവിട്ടത്. ഈ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ തീരുമാനിച്ച ആഭ്യന്തര അന്വേഷണത്തിലെ കണ്ടെത്തലാണ് ഇനി നിര്‍ണായകമാവുക. രണ്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരും ഒരു ഹൈക്കോടതി ജഡ്ജിയും ഉൾപ്പെടുന്ന സമിതിയുടെ റിപ്പോര്‍ട്ട് ജസ്റ്റിസ് വര്‍മയ്ക്ക് എതിരായാല്‍ വര്‍മ രാജി വയ്ക്കേണ്ടിവരും. ഇല്ലെങ്കില്‍ ഇംപീച്ച്മെന്‍റിലൂടെ പുറത്താക്കാന്‍ പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കത്തുനല്‍കും.
താനോ കുടുംബമോ സ്റ്റോര്‍ റൂമില്‍ പണം സൂക്ഷിച്ചിട്ടില്ലെന്നും ഗൂഢാലോചനയുണ്ടെന്നുമാണ് ജസ്റ്റിസ് വര്‍മയുടെ വിശദീകരണം. എന്നാല്‍ വീട്ടിലുള്ളവരോ ജീവനക്കാരോ അല്ലാതെ ആരും തീപിടിത്തമുണ്ടായ മുറിയിൽ പ്രവേശിക്കാൻ സാധ്യതയില്ലെന്നും അതിനാൽ ആഴത്തിലുള്ള അന്വേഷണം ആവശ്യമുണ്ടെന്നാണ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ശുപാർശ ചെയ്തത്. ജുഡീഷ്യല്‍ സമിതിയും ജസ്റ്റിസ് വര്‍മയുടെ വിശദീകരണം തേടും. ജസ്റ്റിസ് വർമയുടെ ആറുമാസത്തെ ഫോൺ കാൾ റെക്കോഡും പരിശോധിക്കുന്നുണ്ട്. കേസുകൾ പരിഗണിക്കുന്നതടക്കമുള്ള ജുഡീഷ്യൽ ചുമതലകൾനിന്ന് ജസ്റ്റിസ് വര്‍മയ്ക്ക് വിലക്കുണ്ട്.