yaswant-varma

ഡല്‍ഹിയില്‍ ജഡ്ജി ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ വസതിയില്‍നിന്ന് അഗ്നിരക്ഷാസേന പണം കണ്ടെത്തിയ സംഭവത്തില്‍ ട്വിസ്റ്റ്. തീ അണയ്ക്കാനുള്ള ശ്രമത്തിനിടെ പണം കണ്ടെത്തിയില്ലെന്നു അഗ്നിരക്ഷാസേന മേധാവി അതുല്‍ ഗാര്‍ഗ് . മാര്‍ച്ച് 14നാണ് തീപിടിത്തമുണ്ടായത്. 15 മിനിറ്റിനകം തീയണച്ചു. വീട്ടുപകരണങ്ങള്‍ സൂക്ഷിച്ചിരുന്ന മുറിയിലാണ് തീപിടിത്തമുണ്ടായതെന്നും അതുല്‍ ഗാര്‍ഗ് വിശദീകരിച്ചു.

Read Also: ജഡ്ജിയുടെ വീട്ടിൽ നിന്നും വൻതോതിൽ പണം കണ്ടെത്തി; പിന്നാലെ സ്ഥലം മാറ്റാൻ ശുപാർശ


അതേസമയം, ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ സ്ഥലംമാറ്റം തീരുമാനിച്ചിട്ടില്ലെന്ന് സുപ്രീം കോടതി അറിയിച്ചു. അന്വേഷണ റിപ്പോര്‍ട്ട് പരിശോധിച്ചശേഷം കൊളീജിയം തീരുമാനമെടുക്കും. അന്വേഷണം ഇന്നലെത്തന്നെ തുടങ്ങിയിരുന്നെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. വിവാദങ്ങള്‍ക്കു പിന്നാലെ ജഡ്ജി ജസ്റ്റിസ് യശ്വന്ത് വര്‍മ അവധിയില്‍ പ്രവേശിച്ചു.  

ജഡ്ജിയുടെ വീട്ടിലെ തീ അണയ്ക്കാൻ എത്തിയ അഗ്നിരക്ഷാ സേനയാണ് കോടികണക്കിന് രൂപ കണ്ടെത്തിയെന്നായിരുന്നു വാര്‍ത്ത. മുറിയില്‍ നോട്ടുകെട്ടുകളുടെ ശേഖരം കണ്ടെത്തിയെന്നും 15 കോടി രൂപയുണ്ടെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍. തീപിടിത്തമുണ്ടായ സമയത്ത് ജഡ്ജിയും കുടുംബവും വസതിയിലില്ലായിരുന്നു. 

ജുഡീഷ്യറിയുടെ വിശ്വാസ്യതയെ ബാധിക്കുന്ന വിഷയത്തിൽ മുതിർന്ന അഭിഭാഷകരും നടപടി ആവശ്യപ്പെട്ടു. വിഷയം  ജയ്റാം രമേശ് രാജ്യസഭയില്‍ ഉന്നയിച്ചു. ചര്‍ച്ച ചെയ്യാമെന്ന് രാജ്യസഭ അധ്യക്ഷൻ ജഗ്ദീപ് ധന്‍കര്‍ അറിയിച്ചു.

ENGLISH SUMMARY:

Supreme Court orders probe into Delhi HC judge following cash recovery at residence