ഛത്തീസ്ഗഡ് മുൻ മുഖ്യമന്ത്രിയും AICC ജനറൽ സെക്രട്ടറിയുമായ ഭൂപേഷ് ബാഗേലിന്‍റെ വീട്ടിൽ സിബിഐ പരിശോധന. മഹാദേവ് ഓൺലൈൻ വാതുവെപ്പ് തട്ടിപ്പ് കേസിലാണ് നടപടി. പാർട്ടി ചർച്ചകൾക്കായി ഡൽഹിയിലേക്ക് പോകാൻ ഇരിക്കെ സിബിഐ എത്തിയിരിക്കുന്നു എന്ന് ബാഗേൽ പരിഹസിച്ചു.
ED പരിശോധനയുടെ ചർച്ചകൾ അവസാനിക്കും മുമ്പെ CBI യും എത്തി. രാവിലെയാണ് CBI സംഘം ഭൂപേഷ് ബഗേലിൻ്റെ റായ്പൂരിലെയും ഭിലായിലെയും വീടുകളിൽ പരിശോധന ക്കെത്തിയത്. കേസ് വിവരങ്ങൾ അറിയിച്ചില്ലെന്ന് കോൺഗ്രസ് പ്രവർത്തകർ ആരോപിച്ചപ്പോൾ മഹാദേവ് ഓൺലൈൻ വാതുവെപ്പ് തട്ടിപ്പ് കേസിലാണ് പരിശോധനയെന്ന് CBI വ്യക്തമാക്കി. ഭിലായ് നഗർ എം എൽ എ ദേവേന്ദ്ര യാദവിന്റെ വസതിയിലും സിബിഐ സംഘം എത്തിയെങ്കിലും മേയർ നീരജ് പാൽ ഉൾപ്പെടെയുള്ളവർ തടഞ്ഞു. അഹമ്മദാബാദ് സമ്മേളനവുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് ഡൽഹിക്ക് പോകാനിരിക്കെ സിബിഐ വീട്ടിലെത്തിയിരിക്കുന്നു എന്ന് ഭൂപേഷ് ബഗേൽ പ്രതികരിച്ചു. ബിജെപി, അന്വേഷണ ഏജൻസികളെ വെച്ച് വേട്ടയാടുന്നത് തുടരുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു. മാർച്ച് 10 ന് മകനെതിരായ മദ്യ അഴിമതി കേസിൽ ED ഭൂപേഷ് ബഗേലിന്റെ വസതിയിൽ പരിശോധന നടത്തിയിരുന്നു. ആശങ്കപ്പെട്ടിട്ട് കാര്യമില്ല എന്നും കോൺഗ്രസ് നേതാക്കളുടെ അഴിമതികൾ ഓരോന്നായി പുറത്തുവരികയാണെന്നും BJP പ്രതികരിച്ചു