ആദ്യഘട്ടത്തില്‍ ഒപ്പം നില്‍ക്കുമെന്ന് തോന്നിച്ച ഛത്തീസ്ഗഡിലും കോണ്‍ഗ്രസിന് തിരിച്ചടി. സംസ്ഥാനത്ത് ബിജെപി മുന്നേറ്റത്തിലാണ്. പ്രവചനങ്ങളെ കാറ്റില്‍ പറത്തി നിര്‍ണായക മേഖലകള്‍ കോണ്‍ഗ്രസിനെ കൈവിട്ടു. ദുര്‍ഗ്, സര്‍ഗുജ മേഖലകള്‍ ഇടവേളയ്ക്ക് ശേഷം ബിജെപി തിരിച്ചുപിടിച്ചു. ബസ്തറില്‍ ഏഴുസീറ്റില്‍ മുന്നേറുന്ന ബിജെപി ബിലാസ്പുറിലും നേട്ടമുണ്ടാക്കി. അതേസമയം, ഭരണത്തുടര്‍ച്ച പ്രതീക്ഷിച്ച മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ ഇപ്പോള്‍ ലീഡ് ചെയ്യുകയാണ്. ഏറെ നേരം പിന്നില്‍ നിന്ന ശേഷമാണിത്.
നിലവില്‍ 50 സീറ്റുകളിലാണ് ബിജെപി മുന്നേറ്റം. 38 സീറ്റുകളില്‍ കോണ്‍ഗ്രസും കോണ്ട മണ്ഡലത്തില്‍ സിപിഐയുടെ മനീഷ് കുഞ്ചവും ഒന്നില്‍ മറ്റുള്ളവരും മുന്നേറുന്നു. എങ്കിലും കോണ്‍ഗ്രസിന് സര്‍ക്കാര്‍ രൂപീകരിക്കാനാകുമെന്ന പ്രതീക്ഷ തന്നെയാണ് രമേശ് ചെന്നിത്തല പങ്കുവയ്ക്കുന്നത്.
ബാഗേല്‍ സര്‍ക്കാര്‍ തുടര്‍ച്ചയായി രണ്ടാംതവണയും അധികാരത്തിലെത്തുമെന്ന് പ്രവചിച്ച എക്സിറ്റ് പോളുകളെ അപ്രസക്തമാക്കുന്നതാണ് നിലവിലെ ലീഡ് നില. രണ്ടുകോടിയിലേറെ വോട്ടര്‍മാരാണ് ഛത്തിസ്ഗഡിലുള്ളത്. 2018 മുതല്‍ ഭുപേഷ് ബാഗലിന്‍റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ ഭരിക്കുന്ന ഛത്തിസ്ഗഡില്‍ കോൺഗ്രസും ബിജെപിയും നേർക്കുനേർ ആണ് പോരാട്ടം. ബിഎസ്പിയും രംഗത്തുണ്ട്. ബാഗേലിന് പുറമെ രമന്‍ സിങ്,വിജയ് ബാഗേല്‍, ഗോംതി സായ്, രേണുക സിങ് സറുത, ടി.എസ്. സിങ് ദിയോ, അരുണ്‍ സാവോ, ചരണ്‍ ദാസ് മെഹന്ത് തുടങ്ങിയവരാണ് ജനവിധി കാത്തിരിക്കുന്ന പ്രമുഖര്‍. രണ്ട് ഘട്ടമായിട്ടായിരുന്നു സംസ്ഥാനത്ത് വോട്ടെടുപ്പ് നടന്നത്.
Chhattisgarh Election Results 2023: BJP leads in 50 seats with the Congress at 38