വസതിയിൽ അനധികൃത പണം കണ്ടെത്തിയതിൽ ഡൽഹി ഹൈക്കോടതി ജഡ്ജി, ജസ്റ്റിസ് യശ്വന്ത് വർമയുടെ വീട്ടിലും പരിസരത്തും പൊലീസ് പരിശോധന. കത്തിയ നോട്ടുകെട്ടുകൾ കണ്ടെത്തിയ സ്റ്റോർ റൂം സീല്‍ ചെയ്തെന്നാണ് വിവരം. ജഡ്ജിക്കെതിരെ കേസെടുക്കണമെന്ന ഹർജി ഉടന്‍ ലിസ്റ്റ് ചെയ്യുമെന്ന് സുപ്രീംകോടതി അറിയിച്ചു.
ഡപ്യൂട്ടി കമ്മിഷണർ ദേവേഷ് കുമാർ മഹ്ലയുടെയും എസിപിയുടെയും നേതൃത്വത്തിലാണ് രണ്ട് മണിക്കൂര്‍ നീണ്ട പരിശോധന ജഡ്ജിയുടെ വീട്ടുവളപ്പില്‍ നടത്തിയത്. ക്യാമറയില്‍ പരിശോധനയുടെ ദൃശ്യങ്ങള്‍ പകര്‍ത്തി. കത്തിയ നോട്ടുകെട്ടുകൾ കണ്ടെത്തിയ സ്റ്റോർ റൂമിലെ പരിശോധന സുപ്രീംകോടതി നിയോഗിച്ച ആഭ്യന്തര അന്വേഷണ സമിതിയുടെ നിര്‍ദേശ പ്രകാരമാണ്. ജഡ്ജിയുടെ വീട്ടിലെ ജീവനക്കാരെ ചോദ്യംചെയ്തെന്നും മുറി സീല്‍ ചെയ്തെന്നുമുള്ള വിവരങ്ങള്‍ പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. ജസ്റ്റിസ് യശ്വന്ത് വർമയ്ക്കെതിരെ കേസെടുക്കണമെന്ന ഹർജി ഉടന്‍ ലിസ്റ്റ് ചെയ്യാമെന്ന് സുപ്രീംകോടതി അറിയിച്ചു.
ഹര്‍ജിക്കാരനായ മലയാളി അഭിഭാഷകന്‍ മാത്യൂസ് നെടുമ്പാറ വിഷയം ഉന്നയിച്ചപ്പോഴാണ് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ഉറപ്പുനല്‍കിയത്. അതിനിടെ, യശ്വന്ത് വര്‍മയെ അലഹബാദിലേക്ക് സ്ഥലം മാറ്റുന്നതിനെതിരെ, അലഹബാദ് ഹൈക്കോടതിയില്‍ അഭിഭാഷകരുടെ പ്രതിഷേധം തുടരുകയാണ്.