നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാന്‍ ഉത്തരവില്ലെന്ന് ജയില്‍ അധികൃതര്‍. സനാ ജയില്‍ ഇക്കാര്യം അറിയിച്ചതായി സ്ഥിരീകരിച്ച് യെമനിലെ ഇന്ത്യന്‍ എംബസി
യെമനിലെ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയ്ക്ക് വനിത അഭിഭാഷകയുടെ ദുരൂഹ ഫോണ്‍കോള്‍ ലഭിച്ചതായി റിപ്പോര്‍ട്ട് വന്നതോടെയാണ് പ്രതികരണവുമായി ഇന്ത്യന്‍ എംബസി രംഗത്തെത്തിയത്.
Read Also: വധശിക്ഷ നടപ്പാക്കാന്‍ തീയതിയായെന്ന് ഫോണ്‍ വന്നെന്ന് നിമിഷപ്രിയ; ദുരൂഹത
വധശിക്ഷ നടപ്പാക്കാന്‍ ഉത്തരവായതായെന്നും തീയതി നിശ്ചയിച്ചുവെന്നും അഭിഭാഷക പറഞ്ഞതായി നിമിഷപ്രിയ വെളിപ്പെടുത്തിയെന്നായിരുന്നു റിപ്പോര്‍ട്ട്. നിമിഷപ്രിയയുടെ ശബ്ദസന്ദേശം മനോരമന്യൂസിന് ലഭിച്ചു. അതേസമയം, റമസാന്‍ മാസത്തില്‍ നടപടിക്ക് സാധ്യതയില്ലെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സാമുവല്‍ ജെറോം പറയുന്നു.
നിമിഷപ്രിയയുടെ വധശിക്ഷ യെമന്‍ പ്രസിഡന്‍റ് റഷദ് അല്‍ അലിമി അംഗീകരിച്ചിട്ടില്ലെന്നായിരുന്നു യെമനിലെ ഇന്ത്യന്‍ എംബസി നേരത്തെ വെളിപ്പെടുത്തിയിരുന്നത്. വിമതരായ ഹൂതികളുടെ നിയന്ത്രണത്തിലാണ് കേസെന്നും എംബസി വ്യക്തമാക്കി. ഇതോടെയാണ് വിമതരുടെ പ്രസിഡന്‍റും ഹൂതി സുപ്രീം പൊളിറ്റിക്കല്‍ കൗണ്‍സില്‍ നേതാവുമായ മെഹ്ദി അല്‍ മഷാദാണ് വധശിക്ഷ ശരിവച്ചതെന്ന് വ്യക്തമായത്.
തലാല്‍ അബ്ദുമഹദിയെന്ന യുവാവ് കൊല്ലപ്പെട്ട കേസിലാണ് സനായിലെ ജയിലില്‍ 2017 മുതല്‍ നിമിഷപ്രിയ കഴിയുന്നത്. പാലക്കാട് ചിറ്റിലഞ്ചേരി സ്വദേശിനിയാണ് നിമിഷപ്രിയ. 2015 ല്‍ തലാലിന്‍റെ സ്പോണ്‍സര്‍ഷിപ്പില്‍ നിമിഷപ്രിയ സനായില്‍ ക്ലിനിക് ആരംഭിച്ചിരുന്നു. പിന്നീട് സഹപ്രവര്‍ത്തകയുമായി ചേര്‍ന്ന് തലാലിനെ വധിച്ചെന്ന കേസില്‍ 2017 ജൂലൈയിലാണ് നിമിഷപ്രിയ അറസ്റ്റിലായത്. 2020 ല്‍ വിചാരണക്കോടതി വധശിക്ഷ വിധിച്ചു. വിധിക്കെതിരായ അപ്പീലുകള്‍ വിവിധ കോടതികളും തള്ളിയിരുന്നു.