രാഷ്ട്രീയ പരിഭവങ്ങള്‍ തീര്‍ക്കാന്‍, പ്രധാനമന്ത്രി ആയ ശേഷം ഇതാദ്യമായി നാഗ്‌പുരിലെ ആര്‍എസ്എസ് ആസ്ഥാനത്ത് എത്തി നരേന്ദ്ര മോദി. രാജ്യസേവനത്തിന് ആര്‍എസ്എസ് എന്നും പ്രചോദനമാണെന്ന് മോദി പ്രതികരിച്ചു. നാഗ്പുരിലെ കൂടിക്കാഴ്ച ചരിത്രപരമെന്ന് ആര്‍എസ്എസ് നേതൃത്വം വിശേഷിപ്പിച്ചു.
സംഘടനാ സ്ഥാപകന്‍ ഹെഡ്‌ഗെവാറിന്‍റെ സ്മൃതി മന്ദിരത്തില്‍ മോദി നേതാക്കള്‍ക്ക് ഒപ്പം ആദരമര്‍പ്പിച്ചു. തുടര്‍ന്ന് സന്ദര്‍ശന പുസ്തകത്തില്‍ ഇങ്ങനെ എഴുതി. രാജ്യസേവനത്തിന് തനിക്ക് ആര്‍എസ്എസ് എന്നും പ്രചോദനമാണ്. ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് ബിജെപി നേതാക്കളുമായി തുടങ്ങിയ ആശയപരമായ അകല്‍ച്ച നീക്കുകയായിരുന്നു വരവിന്‍റെ ലക്ഷ്യം. പ്രധാനമന്ത്രി പദത്തിലിരിക്കെ ആദ്യമായാണ് ഒരു ബിജെപി നേതാവ് ഇവിടം സന്ദര്‍ശിക്കുന്നത്. പുതിയ ബിജെപി ദേശീയ അധ്യക്ഷന്‍റെ തിരഞ്ഞെടുപ്പും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായെന്നാണ് സൂചന. സംഘടനയുടെ നൂറാം വാര്‍ഷികത്തില്‍ ഏറെ പ്രധാന്യമുള്ള ചരിത്രപരമായ സന്ദര്‍ശനം എന്നാണ് ആര്‍എസ്എസ് നേതൃത്വം ഇതിനെ വിശേഷിപ്പിച്ചത്.
മോഹന്‍ ഭാഗവതിനൊപ്പം ഒരു സ്വകാര്യ ചടങ്ങില്‍ വേദി പങ്കിട്ട മോദി അംബേദ്ക്കര്‍ ബുദ്ധമതം സ്വീകരിച്ച ദീക്ഷാഭൂമിയും സന്ദര്‍ശിച്ചാണ് മടങ്ങിയത്. നേരത്തെയുണ്ടായ സംഘര്‍ഷം കണക്കിലെടുത്ത് നാഗ്പുര്‍ നഗരത്തില്‍ കനത്ത സുരക്ഷ ഒരുക്കിയിരുന്നു.