പ്രധാനമന്ത്രിയായ ശേഷം ആദ്യമായി ആർഎസ്എസ് ആസ്ഥാനത്തെത്തുന്ന നരേന്ദ്രമോദിയുടെ നാഗ്പുർ സന്ദർശനത്തിന് വലിയ രാഷ്ട്രീയ മാനങ്ങളുണ്ട്. ബി.ജെ.പിയുമായി ആര്‍.എസ്.എസിനുണ്ടായ അകല്‍ച്ച പൂര്‍ണമായി പരിഹരിക്കാനും പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതില്‍ അന്തിമ തീരുമാനമെടുക്കാനും കൂടിക്കാഴ്ച വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ.
ഒരു വ്യാഴവട്ടത്തിനുശേഷമാണ് നരേന്ദ്ര ദാമോദര്‍ദാസ് മോദി എന്ന പ്രചാരക് രാഷ്ട്രീയ സ്വയംസേവക് സംഘത്തിന്റെ ആസ്ഥാനത്തെത്തുന്നത്. ഔപചാരികമെന്ന് ബി.ജെ.പിയും ആര്‍.എസ്.എസും പറയുമ്പോഴും സംഘടനാ തലത്തിലും ആശയ പരമായും ഉണ്ടായ ഭിന്നത പരിഹരിക്കുകയാണ് ലക്ഷ്യമെന്ന് വ്യക്തം. ബി.ജെപിക്ക് ഇനി ആര്‍.എസ്.എസ് തണല്‍ ആവശ്യമില്ലെന്ന ജെ.പി.നഡ്ഡയുടെ പരാമര്‍ശവും തൊട്ടുപിന്നാലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയും മറക്കാറായിട്ടില്ല. ആര്‍.എസ്.എസിനെ തല്‍ക്കാലം അനുനയിപ്പിക്കുകയും പിന്നീട് നടന്ന ഹരിയാന മഹാരാഷ്ട്ര, ഡല്ഹി നിയമസഭ തിരഞ്ഞെടുപ്പുകളില്‍ അത് ഫലംകാണുകയും ചെയ്തിരുന്നു. എന്നാൽ മോദിയും ബി.ജെ.പിയും സംഘടനയ്ക്ക് അതീതമാകുന്നു എന്ന തോന്നൽ ഇപ്പോഴും ആർ.എസ്. എസിനുണ്ട്. എല്ലാ പള്ളികളിലും ശിവലിംഗം തിരഞ്ഞു പോകേണ്ടെന്ന് മോഹൻ ഭാഗവത് പറഞ്ഞത് ബി.ജെ പി ക്കുള്ള കൃത്യമായ സന്ദേശമായിരുന്നു. ഹിന്ദി അടിച്ചേൽപിക്കാൻ ശ്രമിക്കുന്നു എന്നാരോപിച്ച് തമിഴ്നാട് കേന്ദ്ര സർക്കാരുമായി പരസ്യമായി ഏറ്റുമുട്ടുമ്പോൾ, ഹിന്ദിയല്ല മാതൃഭാഷയെയാണ് പ്രോൽസാഹിപ്പിക്കേണ്ടതെന്ന് RSS പറയുന്നു. പ്രവർത്തനത്തിലും ശൈലിയിലും ഉള്ള ഇത്തരം ഭിന്നതകൾ പരിഹരിക്കാനുള്ള ശ്രമങ്ങൾക്ക് മോദിയുടെ സന്ദർശനം സഹായകരമാകും എന്നാണ് ബി.ജെ.പി വിലയിരുത്തൽ. ജെ.പി.നഡ്ഡയുടെ പിന്‍ഗാമിയെ തിരഞ്ഞെടുക്കാനുള്ള നടപടികള്‍ അന്തിമ ഘട്ടത്തിലാണ്. ആര്‍.എസ്.എസിനുകൂടി സ്വീകാര്യനായ ഒരാളെ കണ്ടെത്തുക അനിവാര്യം. മോഹന്‍ ഭാഗവത്ത് - മോദി കൂടിക്കാഴ്ചയില്‍ ഇക്കാര്യവും ചര്‍ച്ചയാവും