ഭാര്യയുടെ കന്യകാത്വം പരിശോധിക്കണമെന്ന യുവാവിന്‍റെ ആവശ്യം നിരസിച്ച് ഛത്തീസ്ഗഢ് ഹൈക്കോടതി. സ്ത്രീയുടെ കന്യകാത്വം പരിശോധിക്കുന്നത് ഭരണഘടനാവിരുദ്ധവും അന്തസിനെ ഹനിക്കുന്നതാണെന്നും ഹൈക്കോടതി പറഞ്ഞു.
കന്യകാത്വ പരിശോധനയ്ക്ക് അനുമതി നൽകുന്നത് മൗലികാവകാശങ്ങൾക്കും സ്വാഭാവിക നീതിയുടെ അടിസ്ഥാന തത്വങ്ങൾക്കും സ്ത്രീയുടെ അന്തസിനും എതിരായിരിക്കുമെന്ന് ജസ്റ്റിസ് അരവിന്ദ് കുമാർ വർമ്മ പറഞ്ഞു.
ഭര്‍ത്താവിന് വന്ധ്യത ഉണ്ടെന്നും കൂടെ ജീവിക്കാനാവില്ലെന്നും ആരോപിച്ച് ഭാര്യ കഴിഞ്ഞ വര്‍ഷം കുടുംബ കോടതിയെ സമീപിച്ചിരുന്നു. ഭാര്യയുടെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് തെളിയിക്കാന്‍ മെഡിക്കല്‍ ടെസ്റ്റ് എടുക്കാനാണ് യുവാവിനോട് കോടതി നിര്‍ദേശിച്ചത്. ഇത് ചോദ്യം ചെയ്തും ഭാര്യയുടെ കന്യകാത്വം പരിശോധിക്കണമെന്നും ആവശ്യപ്പെട്ടാണ് യുവാവ് ഹൈക്കോടതിയിലേക്ക് എത്തിയത്. ഭാര്യക്ക് സഹോദരിഭര്‍ത്താവുമായി വഴിവിട്ട ബന്ധമുണ്ടെന്നും ഇയാള്‍ ആരോപിച്ചു.
എന്നാല്‍ യുവാവിന്‍റെ ആവശ്യം ഭരണഘടനവിരുദ്ധമാണെന്നും ആര്‍ട്ടിക്കിള്‍ 21 ഉറപ്പാക്കുന്ന സ്ത്രീയുടെ അവകാശങ്ങളേയും അന്തസിനേയും ഹനിക്കുന്നതാണെന്നും കോടതി പറഞ്ഞു. ഇത്തരമൊരു പരിശോധനയ്ക്ക് അനുമതി നല്‍കാനാവില്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു.