പരിഷ്കരിച്ച വഖഫ് നിയമസഭേഗദതി ബില്‍ നാളെ ഉച്ചയ്ക്ക് 12 ന് ലോക്സഭയില്‍ അവതരിപ്പിക്കും. ഇന്നുചേര്‍ന്ന കാര്യോപദേശക സമിതി യോഗത്തിലാണ് തീരുമാനം. എട്ടുമണിക്കൂര്‍ ചര്‍ച്ചയാണ് നിശ്ചയിച്ചിരിക്കുന്നത്. 12 മണിക്കൂര്‍ ചര്‍ച്ചവേണമെന്ന പ്രതിപക്ഷ ആവശ്യം അംഗീകരിച്ചില്ല. തുടര്‍ന്ന് കാര്യോപദേശക സമിതി യോഗത്തില്‍നിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി. ജെ.പി.സി. നിര്‍ദേശിച്ച ഭേദഗതികള്‍ ഉള്‍പ്പെടുത്തിയുള്ള ബില്ലാണ് അവതരിപ്പിക്കുക.
അംഗങ്ങള്‍ക്ക് ബി.ജെ.പി. വിപ്പ് നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. ബില്ലിനെ ശക്തമായി എതിര്‍ക്കാനാണ് പ്രതിപക്ഷ തീരുമാനം. അതേസമയം കെ.സി.ബി.സിയും സി.ബി.സി.ഐയും ബില്ലിനെ പിന്തുണയ്ക്കുന്നതിനാല്‍ കേരളത്തിലെ കോണ്‍ഗ്രസ് എം.പിമാര്‍ ആശയക്കുഴപ്പത്തിലാണ്. എന്‍.ഡി.എ. ഘടകകക്ഷിയായ ജെ.ഡി.യുവിലും അഭിപ്രായഭിന്നതയുള്ളതായി സൂചനകളുണ്ട്. ബില്ലിനെതിരെ ബിഹാറിലെ ജെഡിയു എം.എല്‍.എ ഗുലാം ഗൗസ് രംഗത്തെത്തി.