Picture Credit @srinithyananda
സ്വയംപ്രഖ്യാപിത ആള്‍ദൈവം നിത്യാനന്ദ മരിച്ചുവെന്ന അഭ്യൂഹങ്ങള്‍ തള്ളി കൈലാസ രംഗത്ത്. നിത്യാനന്ദ പൂര്‍ണ ആരോഗ്യവാനാണ്. അദ്ദേഹം സുരക്ഷിതനായിരിക്കുന്നു. അതിന് കൃത്യമായ തെളിവുകളുമുണ്ട് എന്നാണ് കൈലാസ അവകാശപ്പെടുന്നത്. ഇതുസംബന്ധിച്ച പ്രസ്താവനയും പുറത്തിറക്കിയിട്ടുണ്ട്. ALSO READ; ‘നിത്യാനന്ദ ജീവത്യാഗം ചെയ്തു’; മൃതദേഹം ഇന്ത്യയിലെത്തിക്കണമെന്ന് അവസാന ആഗ്രഹം
പ്രസ്താവനയില്‍ പറഞ്ഞിരിക്കുന്നത്;
ഭഗവാൻ നിത്യാനന്ദ പരമശിവനെതിരെ ഹിന്ദു വിരുദ്ധ മാധ്യമങ്ങൾ നടത്തുന്ന നിയമവിരുദ്ധമായ വ്യാജ പ്രചാരണത്തിനെതിരെ കൈലാസ ശക്തമായി പ്രതിഷേധിക്കുന്നു. നിരവധി ഹിന്ദു വിരുദ്ധ മാധ്യമസ്ഥാപനങ്ങൾ ജഗത്ഗുരു മഹാ സന്നിധാനം (SPH) ഭഗവാൻ നിത്യാനന്ദ പരമശിവൻ അന്തരിച്ചു എന്നതുപോലുള്ള അടിസ്ഥാനരഹിതവും നിയമവിരുദ്ധവുമായ തെറ്റായ വിവരങ്ങൾ മനപൂർവം പ്രചരിപ്പിച്ചിരിക്കുകയാണ്. ഭഗവാൻ നിത്യാനന്ദ പരമശിവൻ പൂര്‍ണ ആരോഗ്യത്തോടെ സുരക്ഷിതനായിരിക്കുന്നു എന്ന് കൈലാസ ഉറപ്പുനൽകുന്നു.
2025 മാർച്ച് 30ന്, ഉഗാദി ആഘോഷങ്ങളിൽ പങ്കെടുത്ത ഭഗവാൻ നിത്യാനന്ദ പരമശിവൻ ഭക്തർക്കും ശിഷ്യർക്കും 2 ബില്യൺ ഹിന്ദു അനുയായികൾക്കും അനുഗ്രഹം നൽകിയിരുന്നു. പ്രസ്തുത പ്രസംഗം തത്സമയ സംപ്രേഷണം നടത്തിയതിന് തെളിവുണ്ട്. ഭഗവാൻ നിത്യാനന്ദ പരമശിവനെ അപകീർത്തിപ്പെടുത്തുന്നതിനും അവഹേളിക്കുന്നതിനുമായി നടത്തിയ ഈ അശുദ്ധമായ അപവാദ പ്രചാരണത്തെ കൈലാസ ശക്തമായി അപലപിക്കുന്നു.
ഈ ഏകോപിത അപവാദ പ്രചാരണത്തിന്റെ ഭാഗമായിട്ടുള്ള നിയമവിരുദ്ധ പ്രസ്താവനകൾ ലോകമെമ്പാടുമുള്ള 2 ബില്യൺ ഹിന്ദു ഭക്തരുടെ മതഭാവനയെ വേദനിപ്പിച്ചിട്ടുണ്ട്. ഈ വ്യാജ പ്രചാരണം, നിയമപരമായി സംരക്ഷിക്കപ്പെടുന്ന മതന്യൂനപക്ഷത്തെ ലക്ഷ്യമിട്ടുള്ള വ്യാപകമായ ക്രിമിനൽ ഗൂഢാലോചനയുടെ ഭാഗമാണ്. ഈ പ്രചാരണത്തിൽ മാധ്യമ അപവാദം, വിദ്വേഷ പ്രസ്താവനകൾ, ഏകോപിതമായ നിയമ പോരാട്ടം എന്നിവ ഉൾപ്പെടുന്നു, അതിലൂടെ ഒരു ജനവിഭാഗത്തെ പീഡിപ്പിക്കുന്നതിനുള്ള ലക്ഷ്യസ്ഥാനം വ്യക്തമാണ്.
മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ ശരിയാണെന്ന് ബോധ്യപ്പെടുത്താനായി യൂട്യൂബില്‍ പങ്കുവച്ച വിഡിയോ ലിങ്ക് അടക്കം കുറിപ്പിനൊപ്പം ചേര്‍ത്തിട്ടുണ്ട്. സമൂഹമാധ്യമത്തിലൂടെയാണ് കൈലാസ വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. സനാതനധര്‍മം സ്ഥാപിക്കുന്നതിനുവേണ്ടി പോരാടിയ സ്വാമി ജീവത്യാഗം ചെയ്‌തുവെന്ന് നിത്യാനന്ദയുടെ സഹോദരിയുടെ മകന്‍ സുന്ദരേശ്വരന്‍ അറിയിച്ചു എന്നാണ് വാര്‍ത്തകള്‍ പുറത്തുവന്നത്. നിത്യാനന്ദയുടെ അനുയായികളുമായി നടത്തിയ വിഡിയോ കോണ്‍ഫറന്‍സില്‍ സുന്ദരേശ്വരന്‍ നിത്യാനന്ദയുടെ മരണവാര്‍ത്ത പങ്കുവച്ചു എന്നും വിവരങ്ങളുണ്ടായിരുന്നു.
എന്നാല്‍ നിത്യാനന്ദയുടെ ‘മരണവാര്‍ത്തകള്‍’ മുന്‍പും പലവട്ടം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണമുണ്ടായിരുന്നില്ല. നിരന്തരം ഫെയ്സ്ബുക്കിലടക്കം എത്തിയിരുന്ന നിത്യാനന്ദയെ 2022ല്‍ പെട്ടെന്ന് കാണാതായി. ഇതോടെ നിത്യാനന്ദ മരിച്ചുവെന്ന വാര്‍ത്തയെത്തി. ആരോഗ്യസ്ഥിതി വളരെ മോശമാണെന്നും മരുന്നുകളുടെ അമിതമായ ഉപയോഗവും, ലിവർ സിറോസിസ് അടക്കമുള്ള രോഗങ്ങളും നിത്യാനന്ദയെ അലട്ടുന്നുണ്ടെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
പിന്നാലെ ഈ വാദങ്ങൾ എല്ലാം നിഷേധിച്ച് നിത്യാനന്ദയുടെ അനുയായികള്‍ രംഗത്തെത്തി. നിത്യാനന്ദ സമാധിയിലാണെന്നും ഡോക്ടർമാർ അടക്കമുള്ളവർ ഇവിടെ ഉണ്ടെന്നും അനുയായികൾ അവകാശപ്പെട്ടു. സമാധിയിൽ ഇരിക്കുന്നത് െകാണ്ട് ഒന്നും കഴിക്കാൻ കഴിയില്ലെന്നും ശക്തി വീണ്ടെടുത്ത് അദ്ദേഹം ഉടൻ തിരിച്ചുവരുമെന്നുമായിരുന്നു വാദം. അതിനിടെ തന്നെ ഹിന്ദു–ഇന്ത്യാ വിരുദ്ധ ശക്തികൾ വേട്ടയാടുന്നുണ്ടെന്നും വധഭീഷണി വരെ ഉണ്ടെന്നും നിത്യാനന്ദ പറഞ്ഞിരുന്നു. 2025ല്‍ വീണ്ടും നിത്യാനന്ദയുടെ മരണവാര്‍ത്തയെത്തി. അത് നിഷേധിച്ച് അദ്ദേഹത്തിന്‍റെ അനുയായികളും.