സ്വയംപ്രഖ്യാപിത ആള്‍ദൈവം നിത്യാനന്ദ മരിച്ചതായി അഭ്യൂഹം. സനാതനധര്‍മം സ്ഥാപിക്കുന്നതിനുവേണ്ടി പോരാടിയ സ്വാമി ജീവത്യാഗം ചെയ്‌തുവെന്ന് നിത്യാനന്ദയുടെ സഹോദരിയുടെ മകന്‍ സുന്ദരേശ്വരന്‍ അറിയിച്ചതായാണ് വിവരം. നിത്യാനന്ദയുടെ അനുയായികളുമായി നടത്തിയ വിഡിയോ കോണ്‍ഫറന്‍സില്‍ സുന്ദരേശ്വരന്‍ നിത്യാനന്ദയുടെ മരണവാര്‍ത്ത പങ്കുവച്ചു എന്നാണ് അറിയുന്നത്. എന്നാല്‍ ഇത് വാസ്തവമാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല.
ആരാണ് നിത്യാനന്ദ?
തമിഴ്‌നാട്ടിലെ തിരുവണ്ണാമലയിലാണ് നിത്യാനന്ദയുടെ ജനനം. ക്ഷേത്രമുറ്റത്ത് ഭിക്ഷയാചിച്ചിരുന്ന അരുണാചലം രാജശേഖരന്‍ എന്നയാളാണ് ഒരു സുപ്രഭാതത്തില്‍ നിത്യാനന്ദ എന്ന ആത്മീയാചാര്യനായതും സ്വന്തമായി ഒരു രാജ്യം തന്നെ ഉണ്ടെന്നവകാശപ്പെട്ട് പിന്നീട് രംഗത്തെത്തിയതും. 2010-ല്‍ പ്രമുഖ സിനിമാനടിക്കൊപ്പമുള്ള അശ്ലീല വീഡിയോ പുറത്തുവന്നതോടെയാണ് നിത്യാനന്ദയെക്കുറിച്ചുള്ള വാര്‍ത്തകള്‍ സജീവമായത്. ആശ്രമത്തിന്‍റെ മറവില്‍ പോക്സോ അടക്കമുള്ള ലൈംഗിക കുറ്റകൃത്യങ്ങളാണ് ഇയാള്‍ ചെയ്തുവന്നത്.
‘നിത്യാനന്ദ ധ്യാനപീഠം’ എന്ന പേരിൽ ഒരു ഹിന്ദു മതസംഘം സ്ഥാപിച്ച നിത്യാനന്ദക്കെതിരെ ബലാത്സംഗം, കുട്ടികളെ തട്ടിക്കൊണ്ടുപോയി ആശ്രമത്തിൽ അനധികൃതമായി തടവിലാക്കൽ എന്നീ കുറ്റങ്ങൾ ചുമത്തപ്പെട്ടിട്ടുണ്ട്. മക്കളെ തട്ടിക്കൊണ്ടുപോയി അഹമ്മദാബാദിലെ ആശ്രമത്തിൽ പാർപ്പിച്ചുവെന്ന് തമിഴ്‌നാട്ടിൽ നിന്നുള്ള ദമ്പതികൾ ആരോപിച്ചതിനെ തുടർന്ന്, 2019 ൽ ഇയാൾക്കെതിരെ കേസെടുത്തിരുന്നു. 19കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചുവെന്ന കുറ്റവും നിത്യാനന്ദയ്ക്ക് മേല്‍ ചുമത്തിയിട്ടുണ്ട്. 50ലധികം ഹിയറിംഗുകളിൽ ഹാജരാകാതിരുന്നതിനെ തുടർന്ന് ഇയാള്‍ രാജ്യത്ത് നിന്ന് രക്ഷപ്പെട്ടതായി 2019 അവസാനം ഗുജറാത്ത് പൊലീസാണ് അറിയിച്ചത്. പീഡനം അടക്കം ഒട്ടേറെ ക്രമിനൽ കേസുകളിൽപെട്ട നിത്യാനന്ദയെ ഇന്റർപോളടക്കമുള്ള അന്വേഷണ ഏജന്‍സികള്‍ തിരഞ്ഞിട്ടും പിടികൂടാനായില്ല.
നിത്യാനന്ദയുടെ ‘കൈലാസ’
താന്‍ പരമശിവനാണ് എന്നാണ് നിത്യാനന്ദ അവകാശപ്പെടുന്നത്. ലാറ്റിനമേരിക്കൻ രാജ്യമായ ഇക്വഡോറിനു സമീപത്തുള്ള ദ്വീപുകളിലൊന്ന് നിത്യാനന്ദ വാങ്ങി ‘കൈലാസ’ എന്ന പേരിൽ സ്വന്തം രാജ്യവുമുണ്ടാക്കി. ആരോഗ്യം, വിദ്യാഭ്യാസം, വാണിജ്യം, ഇന്‍ഫര്‍മേഷന്‍ ബ്രോഡ്കാസ്റ്റിങ് തുടങ്ങിയ വകുപ്പുകളുമായി സമ്പൂർണ ഭരണമുള്ള രാജ്യമായാണ് കൈലാസത്തെ നിത്യാനന്ദ വിശേഷിപ്പിക്കുന്നത്. കൈലാസത്തിനു സ്വന്തമായി പാസ്പോർട്ടും പതാകയും സെൻട്രൽ ബാങ്കും ‘കൈലാഷിയൻ ഡോളർ’ എന്ന പേരിൽ കറൻസിയും ദേശീയ ചിഹ്നവും അങ്ങനെ എല്ലാമുണ്ട്. രാജ്യത്തിന്റെ പേരില്‍ ഒരു വെബ്സൈറ്റുമുണ്ട്.
‘കൈലാസ’ത്തിലേക്ക് മൂന്നു ദിവസത്തേക്ക് മാത്രം പ്രവേശനം
സ്വന്തം രാജ്യമായ കൈലാസത്തിലേക്ക് നിത്യാനന്ദ സഞ്ചാരികളെ ക്ഷണിച്ചിരുന്നു. ‘നിങ്ങൾ സ്വന്തമായി ഓസ്‌ട്രേലിയയിൽ എത്തണം. ഓസ്‌ട്രേലിയയിൽ നിന്ന് കൈലാസത്തിലേക്ക് സ്വന്തം ചാർട്ടേഡ് ഫ്ലൈറ്റ് സർവീസുകളുണ്ട്. ദയവായി മൂന്നു ദിവസത്തെ വിസയിൽ കൂടുതൽ ആവശ്യപ്പെടരുത്. ഒരാളെ മൂന്ന് ദിവസത്തേക്ക് താമസിപ്പിക്കാന്‍ മാത്രമേ കൈലാസത്തിന് ഇപ്പോള്‍ കഴിയൂ' എന്നാണ് സമൂഹമാധ്യമത്തിലൂടെ നിത്യാനന്ദ ഒരിക്കല്‍ പറഞ്ഞത്. എല്ലാ സന്ദർശകർക്കും സൗജന്യ ഭക്ഷണവും താമസവും നൽകും. ഓസ്‌ട്രേലിയയിൽ എത്താൻ യാത്രക്കാർക്ക് അവരുടേതായ ക്രമീകരണങ്ങൾ ചെയ്യേണ്ടിവരുമെങ്കിലും കൈലാസയിലേക്കുള്ള യാത്രാ നിരക്ക് നിത്യാനന്ദ ഓർഗനൈസേഷന്‍റെ പരിധിയിൽ വരും. ഇവിടേക്ക്. വരുന്നവര്‍ക്ക് പരമശിവന്‍റെ ദര്‍ശനം ഒരു തവണ ലഭിക്കുമെന്നും ഇതിനായി ഇമെയില്‍ അയക്കാനുമാണ് നിത്യാനന്ദ നിര്‍ദേശിച്ചത്.
മുന്‍പും മരിച്ചിരുന്നു !
നിത്യാനന്ദ ജീവനോടെ ഉണ്ടോ എന്ന ചർച്ച 2022ല്‍ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു. നിരന്തരം ഫെയ്സ്ബുക്കിലടക്കം എത്തിയിരുന്ന നിത്യാനന്ദയെ കാണുന്നില്ല എന്നതായിരുന്നു കാരണം. ആരോഗ്യസ്ഥിതി വളരെ മോശമാണെന്നും മരുന്നുകളുടെ അമിതമായ ഉപയോഗവും, ലിവർ സിറോസിസ് അടക്കമുള്ള രോഗങ്ങളും ഇയാളെ അലട്ടുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. പിന്നാലെ ഈ വാദങ്ങൾ എല്ലാം നിഷേധിച്ച് നിത്യാനന്ദയുടെ അനുയായികള്‍ രംഗത്തെത്തി. നിത്യാനന്ദ സമാധിയിലാണെന്നും ഡോക്ടർമാർ അടക്കമുള്ളവർ ഇവിടെ ഉണ്ടെന്നും അനുയായികൾ അവകാശപ്പെട്ടു. സമാധിയിൽ ഇരിക്കുന്നത് െകാണ്ട് ഒന്നും കഴിക്കാൻ കഴിയില്ലെന്നും ശക്തി വീണ്ടെടുത്ത് അദ്ദേഹം ഉടൻ തിരിച്ചുവരുമെന്നുമായിരുന്നു വാദം. അതിനിടെ തന്നെ ഹിന്ദു–ഇന്ത്യാ വിരുദ്ധ ശക്തികൾ വേട്ടയാടുന്നുണ്ടെന്നും വധഭീഷണി വരെ ഉണ്ടെന്നും നിത്യാനന്ദ പറഞ്ഞിരുന്നു.
‘ഇന്ത്യയിലേക്ക് കൊണ്ടുപോകണം’
താൻ മരിച്ച ശേഷം തന്റെ സമ്പത്തും മൃതശരീരവും ഇന്ത്യയിലേക്ക് കൊണ്ടുപോകണമെന്ന് നിത്യാനന്ദ ഒരിക്കല്‍ പറഞ്ഞിരുന്നു. സമൂഹമാധ്യമത്തില്‍ പങ്കുവച്ച വിഡിയോയിലൂടെയായിരുന്നു ഇത്. ഹിന്ദുത്വം സംരക്ഷിക്കാൻ എന്തും ചെയ്യും. താൻ മരണപ്പെടുമ്പോൾ മൃതദേഹം ബെംഗളൂരുവിലെ ആശ്രമത്തിൽ സംസ്ക്കരിക്കണം. എല്ലാ സമ്പത്തുക്കളും ഇന്ത്യയ്ക്ക് നൽകണമെന്നുമായിരുന്നു നിത്യാനന്ദ പറഞ്ഞത്.