പ്രതിപക്ഷത്തിന്‍റെ എതിര്‍പ്പിനിടെ ലോക്സഭയില്‍ വഖഫ് നിയമഭേദഗതി ബില്‍ അവതരിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. പാവപ്പെട്ട മുസ്‌ലിംകള്‍ക്കുവേണ്ടിയാണ് ബില്‍ എന്നും മുനമ്പം പ്രശ്നത്തിനടക്കം പരിഹാരം കാണാന്‍ ഇതിലൂടെ സാധിക്കുമെന്നും മന്ത്രി കിരണ്‍ റിജിജു പറഞ്ഞു. ഭരണഘടനയിന്‍മേലുള്ള കടന്നുകയറ്റമാണ് ബില്‍ എന്ന് പ്രതിപക്ഷം വിമര്‍ശിച്ചു.
Read Also: വഖഫ് ഭേദഗതി ബിൽ: മുന്നറിയിപ്പുമായി കെസിബിസി; നിയമനടപടിക്ക് ലീഗ്
വഖഫിന്‍റെ പ്രവര്‍ത്തനം സുതാര്യമാക്കാനും പാവപ്പെട്ട മുസ്‌ലിംകള്‍ക്ക് പ്രാതിനിധ്യം നല്‍കാനും ലക്ഷ്യമിട്ടാണ് വഖഫ് നിയമ ഭേദഗതി കൊണ്ടുവരുന്നതെന്ന് ബില്‍ അവതരിപ്പിച്ചുകൊണ്ട് മന്ത്രി കിരണ്‍ റിജിജു പറഞ്ഞു. ആരാധനാലയങ്ങള്‍ നിയന്ത്രിക്കുകയല്ല, സ്വത്തുവകകള്‍ പരിപാലിക്കുക എന്നതാണ് വഖഫിന്‍റെ ദൗത്യം. വഖഫ് സമ്പന്നമാവുകയും മുസ്‌ലിംകള്‍ ദരിദ്രരാവുകയും ചെയ്യുന്നത് അംഗീകരിക്കാനാവില്ല. ബില്‍ പാസായാല്‍ മുനമ്പത്തെ 600 കുടുംബങ്ങളുടെ ഭൂമി തിരികെ ലഭിക്കുമെന്നും കിരണ്‍ റിജിജു
യു.പി.എ. ഭരണകാലത്ത് കൊണ്ടുവന്ന ഭേദഗതികള്‍ വഖഫിന് അനിയന്ത്രിതമായ അധികാരങ്ങള്‍ നല്‍കി. സര്‍ക്കാരിന്‍റെ വിലപിടിപ്പുള്ള ഒട്ടേറെ ഭൂമി വഖഫിന് നല്‍കി. ഇപ്പോള്‍ കോണ്‍ഗ്രസാണ് ഭരിക്കുന്നതെങ്കില്‍ പാര്‍ലമെന്‍റും വിമാനത്താവളളും വരെ വഖഫിന്‍റെ കൈവശമായിട്ടുണ്ടാവുമെന്നും കിരണ്‍ റിജിജു പറഞ്ഞു. ഇതോടെ ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷം എഴുന്നേറ്റു. പിന്നാലെ സഭയുടെ അന്തസ്സ് കാത്തുസൂക്ഷിക്കണം എന്നുപറഞ്ഞ് സ്പീക്കര്‍ അംഗങ്ങളെ താക്കീത് ചെയ്തു.
നേരത്തെ ബില്‍ അവതരണത്തിനെതിരെ കെ.സി.വേണുഗോപാലും എന്‍.കെ.പ്രേമചന്ദ്രനും ക്രമപ്രശ്നം ഉന്നയിച്ചു. എന്നാല്‍ ചട്ടങ്ങള്‍ പാലിച്ചാണ് ബില്‍ എന്നും ക്രമപ്രശ്നമില്ലെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ മറുപടി നല്‍കി. ഇന്ന് ലോക്സഭ കടന്നാല്‍ ബില്‍ നാളെ രാജ്യസഭയില്‍ അവതരിപ്പിക്കും