രാജ്യത്തിനെതിരെ ആയുധമെടുത്ത മാവോയിസ്റ്റുകള്‍ ചര്‍ച്ചയ്ക്ക് വഴങ്ങുന്നുവോ? മുൻവ്യവസ്ഥയോടെ വെടിനിർത്തലിന് തയാറെന്ന് മാവോയിസ്റ്റുകളുടേ പേരില്‍ വാര്‍ത്താക്കുറിപ്പ്. സ്ഥിരീകരിക്കാതെ കേന്ദ്ര ആഭ്യന്തരമന്ത്രാലയം. ഉപാധിയില്ലാത്ത ചര്‍ച്ചയ്ക്ക് തയാറെന്ന് ചത്തീസ്ഗഡ് സര്‍ക്കാര്‍ അറിയിച്ചു.
തെലുങ്കു ഭാഷയില്‍ പ്രസിദ്ധീകരിച്ച വാര്‍ത്താക്കുറിപ്പിലാണ് ഉപാധികളോടെയുള്ള വെടിനിര്‍ത്തലിന് തയാറെന്ന് മാവോയിസ്റ്റുകള്‍ അറിയിക്കുന്നത്. സുരക്ഷാസേനയുടെ ശക്തമായ നടപടിയില്‍ അടിതെറ്റുന്ന മാവോയിസ്റ്റുകള്‍ വെടിനിര്‍ത്തലിന് നിര്‍ബന്ധിതരായെന്ന് സൂചന. കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളുടെ മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷന്‍ നിര്‍ത്തണം, സുരക്ഷാ സേന പുതിയ ക്യാപുകള്‍ സ്ഥാപിക്കുന്നത് അവസാനിപ്പിക്കണം. ഇതാണ് പ്രധാനപ്പെട്ട് രണ്ട് ഉപാധികള്‍. 15 മാസത്തിനിടെ ഛത്തീസ്ഗഡില്‍ 400ലേറെ മാവോയിസ്റ്റുകളെ കൊലപ്പെടുത്തി. ജനഹിതത്തിന് വേണ്ടിയാണ് ചര്‍ച്ചയ്ക്ക് തയാറായതെന്നും കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ അവസരമൊരുക്കണമെന്നും വാര്‍ത്താക്കുറിപ്പ്.
സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തണമെന്ന് വിവിധ ജനവിഭാഗങ്ങളോട് അഭ്യര്‍ഥന. അനുകൂല പ്രതികരണമുണ്ടായാല്‍ ഉടന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുമെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. വാര്‍ത്താക്കുറിപ്പിന്‍റെ ആധികാരികത കേന്ദ്ര ആഭ്യന്തരമന്ത്രാലയം സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ ഉപാധി ഉപേക്ഷിച്ചാല്‍ ചര്‍ച്ചയ്ക്ക് തയാറെന്ന് ഛത്തീസ്ഗഡ് സര്‍ക്കാര്‍ അറിയിച്ചു. അടുത്തവര്‍ഷം മാര്‍ച്ച് 31നകം മാവോയിസ്റ്റുകളെ രാജ്യത്തുനിന്ന് ഉന്മൂലം ചെയ്യുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രഖ്യാപിച്ചിട്ടുണ്ട്. അമിത് ഷാ ഛത്തീഗഡിലെത്താനിരിക്കെയുള്ള നാടകമാണ് മാവോയിസ്റ്റുകളുടെ പേരിലെ വാര്‍ത്താക്കുറിപ്പെന്ന് സംസ്ഥാനത്തെ ചില കോണ്‍ഗ്രസ് നേതാക്കള്‍ കുറ്റപ്പെടുത്തി.