രാജ്യത്തുനിന്ന് മാവോയിസ്റ്റുകളെ തുടച്ചുനീക്കുമെന്ന് പ്രഖ്യാപിച്ചത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ്. അടുത്ത വര്‍ഷം മാര്‍ച്ച് 31നകം മാവോയിസ്റ്റുകളെ ഉന്മൂലനം ചെയ്യുമെന്നാണ് അമിത് ഷാ പറയുന്നത്. അതായത് ഒരുവര്‍ഷത്തിനുള്ളില്‍ രാജ്യത്ത് മാവോയിസ്റ്റുകള്‍ ഏറ്റവും ശക്തമായ ഛത്തീസ്‌ഗഡിലെ ബസ്തര്‍ മേഖലയില്‍നിന്നടക്കം തൂത്തെറിയപ്പെടുമെന്ന്. രണ്ട് തരത്തിലാണ് കേന്ദ്രസര്‍ക്കാര്‍, അതായത് കേന്ദ്ര ആഭ്യന്തരമന്ത്രാലയം മാവോയിസ്റ്റുകളെ നേരിടുന്നത്.
മാവോയിസ്റ്റുകള്‍ക്ക് കീഴടങ്ങാന്‍ അവസരം നല്‍കുക, കീഴടങ്ങുന്നവര്‍ക്ക് ലക്ഷങ്ങളുടെ പുനരധിവാസ പാക്കേജുകള്‍ നല്‍കി മുഖ്യധാരയുടെ ഭാഗമാക്കുക. രാജ്യത്തിനെതിരെ ആയുധമെടുക്കുന്ന മാവോയിസ്റ്റുകളെ അതേ നാണയത്തില്‍ സുരക്ഷാസേനയെ ഉപയോഗിച്ച് നേരിടുക.
കഴിഞ്ഞദിവസമാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഛത്തീസ്‌ഗഡിലെത്തി, മാവോയിസ്റ്റ് വിരുദ്ധ ദൗത്യങ്ങളുടെ അവലോകന യോഗത്തില്‍ പങ്കെടുത്തത്. ഒരു കാലത്ത് മാവോയിസ്റ്റ് ശക്തികേന്ദ്രമായിരുന്ന ദണ്ഡേവാഡയില്‍ വലിയൊരു റാലിയും അമിത് ഷാ നടത്തി. ഒരു കാര്യം വ്യക്തമാണ്. മാവോയിസ്റ്റുകള്‍ ഇന്ന് നിലനില്‍പ്പിനുളള പോരാട്ടത്തില്‍ക്കൂടിയാണ്. മാവോയിസ്റ്റുകള്‍ മുന്നോട്ടുവയ്ക്കുന്ന ആശയങ്ങള്‍ക്ക് പിന്തുണയും കാര്യമായി കുറഞ്ഞു.
ഇന്ന് ബിജാപൂരില്‍ കീഴടങ്ങിയത് 22 മാവോയിസ്റ്റുകളാണ്. ഇതില്‍ നാല് മാവോയിസ്റ്റുകള്‍ക്ക് സുരക്ഷാസേന 26 ലക്ഷം രൂപ തലയ്ക്ക് വിലയിട്ടവരാണ്. ഇന്നലെ ദണ്ഡേവാഡയില്‍ 26 മാവോയിസ്റ്റുകളും സേനയ്ക്ക് മുന്‍പാകെ ആയുധം ഉപേക്ഷിച്ച് കീഴടങ്ങിയിരുന്നു. കീഴടങ്ങുന്ന ഒരു മാവോയിസ്റ്റ് കേഡറിന് സര്‍ക്കാര്‍ പദ്ധതി പ്രകാരം 50,000 രൂപയാണ് ആദ്യഗഡുവായി ലഭിക്കുക. ഈ വര്‍ഷം ബിജാപൂരില്‍ മാത്രം കീഴടങ്ങിയ മാവോയിസ്റ്റുകളുടെ എണ്ണം 179 ആണ്. സുരക്ഷാസേന വധിച്ചതാകട്ടെ 83 പേരെയും അറസ്റ്റ് ചെയ്തത് 172 പേരെയും. ബിജാപൂരും ദണ്ഡേവാഡയും ഉള്‍പ്പെടുന്ന ഏഴ് ജില്ലകളില്‍ കഴിഞ്ഞവര്‍ഷം മാത്രം 792 മാവോയിസ്റ്റുകളാണ് ആയുധമുപേക്ഷിച്ച് സുരക്ഷാസേനയ്ക്ക് മുന്‍പാകെ കീഴടങ്ങിയത്.
ഛത്തീസ്ഗഡ് പൊലീസിന് കീഴിലെ ജില്ലാ റിസര്‍വ് ഗാര്‍ഡ് ജവാന്‍മാര്‍, സ്പെഷല്‍ ടാസ്ക് ഫോഴ്സ്, സിആര്‍പിഎപ്, സിആര്‍പിഎഫിന്‍റെ കോബ്രാ കമാന്‍ഡോകള്‍, ബിഎസ്എഫ്, ഐടിബിപി എന്നിങ്ങനെ സംസ്ഥാന പൊലീസും കേന്ദ്രസേനകളുമാണ് മാവോയിസ്റ്റ് വിരുദ്ധ ദൗത്യങ്ങളുടെ മുന്‍നിരയിലുള്ളത്. മെച്ചപ്പെട്ട സാങ്കേതിക വിദ്യയുടെ സഹായത്തോടെയും കൂടുതല്‍ ഫോര്‍വേഡ് ഓപ്പറേറ്റിങ് ബേസുകള്‍ സ്ഥാപിച്ചും മാവോയിസ്റ്റുകളുടെ കോട്ടകള്‍ ഓരോന്നായി പിടിച്ചെടുക്കുകയാണ് സുരക്ഷാസേന. മാവോയിസ്റ്റ് വിരുദ്ധ ദൗത്യങ്ങളില്‍ വിട്ടുവീഴ്ചയുണ്ടാവരുതെന്നും കൂടുതല്‍ ഏകോപനത്തോടെ വിവിധ സേനാവിഭാഗങ്ങള്‍ പ്രവര്‍ത്തിക്കണമെന്നും അമിത് ഷാ വിവിധ സേനാ മേധാവികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതുകൊണ്ട് വരും ദിവസങ്ങളില്‍ കീഴടങ്ങുന്ന മാവോയിസ്റ്റുകളുടെ എണ്ണം കൂടും. അതോടൊപ്പം കീഴടങ്ങാതെ ഇനിയും രാജ്യത്തിനെതിരെ ആയുധമെടുക്കാന്‍ മുതിരുന്ന മാവോയിസ്റ്റുകളെ തുടച്ചുനീക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി തന്നെ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഏറ്റുമുട്ടലുകളും വര്‍ധിക്കാം. ചര്‍ച്ചയിലൂടെ പ്രശ്നപരിഹാരമുണ്ടാക്കാന്‍ ശ്രമിക്കണമെന്നും മാവോയിസ്റ്റുകള്‍ രാജ്യത്തെ പൗരന്‍മാര്‍ തന്നെയാണെന്ന് സിപിഐ അടക്കമുള്ള പാര്‍ട്ടികള്‍ ഇപ്പോഴും നിലപാട് സ്വീകരിക്കുന്നുണ്ട്.