മരിച്ച ഉത്കര്‍ഷ് (വലത്തേയറ്റം).
പതിവുപോലെ ജിമ്മില്‍ പോയി വര്‍ക്കൗട്ട് . ശേഷം വീട്ടില്‍ തിരിച്ചുവന്ന് കുടുംബത്തോടൊപ്പം കുറച്ചുസമയം സംസാരിച്ചു. കൂട്ടുകാര്‍ക്കൊപ്പം അത്താഴം കഴിച്ച് തിരിച്ചുവരുമ്പോള്‍ ക്ഷീണം തോന്നി. തളര്‍ന്നുവീണു. ഉത്കര്‍ഷ് പിന്നീട് ഉണര്‍ന്നില്ല. ഹൃദയാഘാതം മൂലം ഇത്ര ചെറുപ്രായത്തില്‍ തന്നെ മകന്‍ മരിച്ചു എന്ന കാര്യം നാട്ടിലുള്ള മാതാപിതാക്കള്‍ക്ക് ഉള്‍ക്കൊള്ളാനായിട്ടില്ല.
കസാഖ്സ്ഥാനില്‍ വച്ചാണ് ഉത്കര്‍ഷ് മരണപ്പെട്ടത്. രാജസ്ഥാനിലെ ആള്‍വാര്‍ സ്വദേശിയാണ്. ഷിംകെന്‍റ് സര്‍വകലാശാലയിലെ വിദ്യാര്‍ഥിയായിരുന്നു. ഭക്ഷണം കഴിച്ചതിനു ശേഷം വീട്ടിലേക്ക് മടങ്ങുമ്പോള്‍ ഉത്കര്‍ഷ് ക്ഷീണിതനായിരുന്നു എന്നാണ് കൂട്ടുകാര്‍ പറയുന്നത്. പെട്ടെന്ന് കുഴഞ്ഞുവീണു, ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ മരിച്ചു എന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞതെന്ന് കൂട്ടുകാര്‍ പറയുന്നു.
പുതിയ ഡ്രസ് വാങ്ങാന്‍ പണം തരണമെന്നാണ് അവസാനമായി വിളിച്ചപ്പോള്‍ മകന്‍ പറഞ്ഞതെന്ന് മാതാപിതാക്കള്‍. പിന്നീട് ഉത്കര്‍ഷിന്‍റെ സഹോദരിയാണ് അവന് സുഖമില്ല എന്ന് വീട്ടില്‍ വിളിച്ച് പറഞ്ഞതെന്നും മാതാപിതാക്കള്‍ പറയുന്നു. ദേശീയ– സംസ്ഥാന തലത്തില്‍ സ്പോര്‍ട്സില്‍ ഒട്ടേറെ സമ്മാനങ്ങള്‍ വാരിക്കൂട്ടിയിട്ടുണ്ട് ഉത്കര്‍ഷ്. അവന്‍ മികച്ച ഒരു അത്‌ലറ്റായിരുന്നു. പഠിക്കാനും മിടുക്കന്‍ എന്നാണ് മാതാപിതാക്കള്‍ പറയുന്നത്. ഹോമിയോപതി ഡോക്ടറാണ് ഉത്കര്‍ഷിന്‍റെ പിതാവ്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഉത്കര്‍ഷിന്‍റെ ബന്ധുക്കള്‍ കസാഖ്സ്ഥാനില്‍ എത്തിയിട്ടുണ്ട്. ഇന്ത്യന്‍ എംബസിയുമായി ഇവര്‍ ബന്ധപ്പെട്ടിട്ടുണ്ട് എന്നാണ് വിവരം.