Image:x
ചിരിച്ചുല്ലസിച്ച് കോളജിലെ വിടവാങ്ങല്‍ ചടങ്ങില്‍ പ്രസംഗിച്ചു കൊണ്ടിരിക്കവേ 20കാരി കുഴഞ്ഞുവീണ് മരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. മഹാരാഷ്ട്രയിലെ ധാരാശിവ് ജില്ലയിലാണ് സംഭവം. ആര്‍.ജി.ഷിന്‍ഡെ കോളജിലെ വിദ്യാര്‍ഥിയായ വര്‍ഷ ഘരാട്ട് ആണ് മരിച്ചത്.
കൂടി വന്ന കൂട്ടുകാരെയെല്ലാം അഭിസംബോധന ചെയ്ത് ആഹ്ലാദത്തോടെ വര്‍ഷ സംസാരിക്കുന്നതിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. പ്രസംഗിക്കുന്നതിനിടെ കുഴഞ്ഞുവീണ വര്‍ഷയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയായിരുന്നു.
എട്ടുവയസ് പ്രായമുള്ളപ്പോള്‍ വര്‍ഷയ്ക്ക് ഹൃദയശസ്ത്രക്രിയ നടത്തിയിരുന്നുവെന്നും എന്നാല്‍ കഴിഞ്ഞ 12 വര്‍ഷമായി യാതൊരുവിധ ആരോഗ്യപ്രശ്നങ്ങളും ഉണ്ടായിരുന്നില്ലെന്നും മരുന്നുകള്‍ കഴിക്കുന്നുണ്ടായിരുന്നില്ലെന്നും കുടുംബാംഗങ്ങള്‍ വെളിപ്പെടുത്തി. അതേസമയം, വര്‍ഷ മരുന്ന് കഴിച്ചിരുന്നുവെന്നും ഫെയര്‍വെല്‍ ദിവസം നേരത്തെ എത്തേണ്ട തിരക്കില്‍ മരുന്നെടുക്കാതെ ഓടിപ്പോവുകയായിരുന്നുവെന്നും അമ്മാവന്‍ പറയുന്നു.
തമാശ പറഞ്ഞ് പൊട്ടിച്ചിരിച്ച് നിന്ന വര്‍ഷ പെട്ടെന്ന് കുഴഞ്ഞ് വീണതോടെ വിടവാങ്ങല്‍ ചടങ്ങിലാകെ മ്ലാനത പടര്‍ന്നു. മണിക്കൂറുകള്‍ക്കകം മരണവാര്‍ത്തയുമെത്തിയതോടെ സഹപാഠികള്‍ കടുത്ത ദുഃഖത്തിലായി. വലിയ സ്വപ്നങ്ങളുണ്ടായിരുന്ന മിടുക്കിയായ വിദ്യാര്‍ഥിയായിരുന്നു വര്‍ഷയെന്നും ഈ വേദന മാറുകയില്ലെന്നും കോളജ് അധികൃതര്‍ കുറിപ്പില്‍ പറഞ്ഞു.