sidharth-saniya

ഗുജറാത്തിലെ ജാംനഗറിൽ വ്യോമസേനാ വിമാനം തകർന്ന് മരിച്ച ഫ്ലൈറ്റ് ലെഫ്റ്റനന്റ് സിദ്ധാർഥ് യാദവിന് കണ്ണീരില്‍ കുതിര്‍ന്ന യാത്രമൊഴി. വെള്ളിയാഴ്​ച ജന്മനാടായ ഭലഖി മജ്​റയില്‍ പൂര്‍ണ സൈനികബഹുമതികളോടെ സിദ്ധാര്‍ഥിന്‍റെ മൃതദേഹം സംസ്കരിച്ചു. സിദ്ധാര്‍ഥിന് വിടയേകാന്‍  നാടൊന്നാകെ  വസതിയിലേക്ക് ഒഴുകിയെത്തി.

ഇതിനിടെ സിദ്ധാര്‍ഥിന്‍റെ പ്രതിശ്രുത വധു സാനിയ ഏവരുടേയും കണ്ണ് നിറയിച്ചു. ചേതനയറ്റ ശരീരത്തില്‍ കിടന്ന് സിദ്ധാര്‍ഥിന്‍റെ മുഖം തന്നെ കാണിക്കണമെന്ന് അവള്‍ അവര്‍ത്തിച്ചു പറ​ഞ്ഞു. 'ബേബി നീ എന്നെ കൊണ്ടുപോകാന്‍ വന്നില്ലല്ലോ? വരുമെന്നല്ലേ എന്നോട് പറഞ്ഞത്?' എന്ന് കരഞ്ഞ സാനിയ കൂടിനിന്നവരുടെ ഉള്ളിലും വിങ്ങലായി. സിദ്ധാര്‍ഥിന്‍റെ ചിത്രം കയ്യില്‍ പിടിച്ചാണ്  സാനിയ നിന്നത്. സിദ്ധാര്‍ഥിന്‍റെ മൃതദേഹം കണ്ട അമ്മയ്ക്ക്  ബോധം നഷ്ടപ്പെട്ടു.

കഴിഞ്ഞ മാര്‍ച്ച് 23നായിരുന്നു സിദ്ധാര്‍ഥിന്‍റേയും സാനിയയുടേയും വിവാഹനിശ്ചയം നടന്നത്. നവംബര്‍ 2നായിരുന്നു വിവാഹം തീരുമാനിച്ചത്. ഇവര്‍ക്കായി നിര്‍മിച്ച പുതിയ വസതിയിലാണ്  സിദ്ധാര്‍ഥിന്‍റെ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചത്. 

ബുധനാഴ്ച രാത്രിയാണ് ഗുജറാത്തിലെ ജാംനഗറിന് സമീപം ജാഗ്വാർ യുദ്ധവിമാനം തകർന്ന് സിദ്ധാര്‍ഥ്  മരിച്ചത്.  സഹപൈലറ്റിന് ഗുരുതര പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. പരിശീലന പറക്കലിനിടെ, ജാംനഗറിൽ നിന്ന് 12 കിലോമീറ്റർ അകലെയുള്ള ഗ്രാമത്തിലാണ് അപകടമുണ്ടായത്. താഴെ വീണ വിമാനം പൂർണമായും കത്തിയമരുകയും ചെയ്തു. 

വിമാനം തകരുമെന്ന് ഉറപ്പായപ്പൊഴുംസഹപൈലറ്റിന്‍റേതടക്കം ഒട്ടേറ പേരുടെ ജീവന്‍ രക്ഷിച്ചാണ് സിദ്ധാര്‍ഥ്  മരണത്തിന് കീഴടങ്ങിയത് . ജനസാന്ദ്രതയുള്ള പ്രദേശത്ത് തകര്‍ന്നു വീഴുമായിരുന്ന വിമാനം അപകടം മുന്നില്‍ കണ്ട നിമിഷം   സിദ്ധാര്‍ഥ്  തുറസായ സ്ഥലത്തേക്ക്  ദിശമാറ്റി പറത്തി. അവസാന നിമിഷം, ജീവന്‍ നഷ്ടപ്പെടുന്നതിന് മുന്‍പ് സഹ പൈലറ്റ് വിമാനത്തില്‍ നിന്ന് ഇജക്ട് ചെയ്തെന്ന് അദ്ദേഹം ഉറപ്പുവരുത്തുകയും ചെയ്തു.

ENGLISH SUMMARY:

In an emotional farewell, Flight Lieutenant Siddharth Yadav, who tragically died in an air force plane crash in Jamnagar, Gujarat, was laid to rest with full military honors in his hometown, Bhalki Majra, on Friday. The 28-year-old's body was brought home, and the entire town gathered to bid him farewell. Siddharth's fiancée, Saniya, was overcome with emotion, leaving everyone in tears.