ഇന്ത്യയുടെ എൻജിനീയറിങ് വിസ്മയമായ പുതിയ പാമ്പൻ കടൽപ്പാലം രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ ആദ്യത്തെ വെർട്ടിക്കൽ ലിഫ്റ്റ് കടൽപ്പാലമാണിത്. താംബരം– രാമേശ്വരം പുതിയ ട്രെയിൻ സർവീസും അദ്ദേഹം ഫ്ലാഗ് ഓഫ് ചെയ്തു. ഈ ട്രെയിൻ കടന്ന് പോയ ശേഷം പാലത്തിൻറെ വെർട്ടിക്കൽ ലിഫ്റ്റ് സ്പാൻ പ്രധാനമന്ത്രി റിമോർട്ട് വഴി ഉയർത്തി. തീരസംരക്ഷണസേനയുടെ ചെറുകപ്പൽ ഇതിനടിയിലൂടെ കടത്തിവിട്ടു.
എന്നാൽ ഉദ്ഘാടനത്തിന് പിന്നാലെ പാലത്തിൻറെ വെർട്ടിക്കൽ ലിഫ്റ്റ് സ്പാനിൽ തകരാർ റിപ്പോർട്ട് ചെയ്തു. മുകളിലേക്ക് ഉയർത്തിയ വെർട്ടിക്കൽ ലിഫ്റ്റ് സ്പാൻ താഴ്ത്താൻ സാധിച്ചില്ല. തുടർന്ന് അറ്റകുറ്റപണിയിലൂടെ തകരാർ പരിഹരിച്ചു. കൂടുതൽ പരിശോധനകൾ പാലത്തിൽ നടത്തുമെന്ന് അധികൃതർ അറിയിച്ചു. രാമേശ്വരത്ത് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ പങ്കെടുത്തില്ല. പകരം രണ്ട് മന്ത്രിമാർ ചടങ്ങിൽ പങ്കെടുത്തു.
പാമ്പൻ പാലത്തിന്റെ സവിശേഷതകൾ
തമിഴ്നാട്ടിൽ പാക് കടലിടുക്കിൽ 2.07 കിലോ മീറ്റർ ദൈർഘ്യത്തിലാണ് പാമ്പൻ പാലം എന്ന എൻജിനീയറിങ് വിസ്മയം. 99 തൂണുകളാണ് പാലത്തിലുള്ളത്.
വലിയ കപ്പലുകൾക്ക് കടന്നുപോകാനായി 72.5 മീറ്ററുള്ള നാവിഗേഷൻ സ്പാൻ 17 മീറ്റർ വരെ ഉയർത്താനാകും. രണ്ട് റെയിൽവേ ട്രാക്കുകൾ ഉപയോഗിക്കാൻ കഴിയുന്ന പാലത്തിൽ നിലവിൽ ഇത് ഒരു ലൈൻ മാത്രമാണ് പ്രവർത്തിക്കുന്നത്. ഇത് രാമേശ്വരത്തെ മണ്ഡപവുമായി ബന്ധിപ്പിക്കുന്നു. പാലത്തിലൂടെ മണിക്കൂറിൽ 80 കിലോമീറ്റർ വരെ വേഗതയിൽ തീവണ്ടികൾക്ക് കടന്നുപോകാൻ സാധിക്കും.
റെയിൽവേ മന്ത്രാലയത്തിന് കീഴിലുള്ള നവരത്ന പൊതുമേഖലാ സ്ഥാപനമായ റെയിൽ വികാസ് നിഗം ലിമിറ്റഡ് (ആർവിഎൻഎൽ) ആണ് പാലം നിർമിച്ചത്. ഏകദേശം 550 കോടി രൂപ ചിലവുള്ള പാലത്തിന് 100 വർഷമാണ് ആയുസ് കണക്കാക്കുന്നത്. പതിവ് അറ്റകുറ്റപ്പണികളുടെ ആവശ്യകത കുറയ്ക്കുന്നതിനായി പ്രത്യേക എൻജിനീയറിങ് സാങ്കേതിക വിദ്യകൾ പാലത്തിന്റെ നിർമാണത്തിന് ഉപയോഗിച്ചിട്ടുണ്ട്.
പാലത്തെ സംരക്ഷിക്കുന്നതിനായി സ്റ്റെയിൻലെസ് സ്റ്റീൽ ആണ് ഉപയോഗപ്പെടുത്തിയിട്ടുള്ളത്. ഉയർന്ന നിലവാരമുള്ള പ്രൊട്ടക്ടീവ് പെയിന്റ്, പോളിസിലോക്സെയ്ൻ കോട്ടിംഗ് എന്നിവയും പാലത്തിന്റെ സുരക്ഷയ്ക്ക് ഇതിൽ ഉപയോഗിച്ചിട്ടുണ്ട്. പഴയ പാലത്തേക്കാൾ മൂന്ന് മീറ്റർ ഉയരത്തിലാണ് പുതിയ പാലം നിർമ്മിച്ചിരിക്കുന്നത്. ഇത് സമുദ്ര ഗതാഗതത്തിന് മികച്ച ക്ലിയറൻസ് നൽകുന്നുണ്ട്.
1914ൽ ബ്രിട്ടീഷുകാർ നിർമിച്ച പഴയ പാമ്പൻ പാലം കാലപ്പഴക്കത്തെത്തുടർന്ന് 2002 ഡിസംബറിൽ ഡീകമ്മിഷൻ ചെയ്തു. പഴയ പാലത്തിൽ ലിഫ്റ്റ് സ്പാൻ രണ്ടായി വേർപെടുത്തി ഇരുവശത്തേക്കും ഉയർത്തുകയാണ് ചെയ്തിരുന്നതെങ്കിൽ ലിഫ്റ്റ് സ്പാൻ ലംബമായി ഉയർത്തുന്ന സംവിധാനമാണ് പുതിയ പാലത്തിലുള്ളത്.