ഇന്ത്യയുടെ എന്‍ജിനീയറിങ് വിസ്മയമായ പുതിയ പാമ്പന്‍ കടല്‍പ്പാലം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു. രാജ്യത്തെ ആദ്യത്തെ വെര്‍ട്ടിക്കല്‍ ലിഫ്റ്റ് കടല്‍പ്പാലമാണിത്. ഡിഎംകെയെ കടന്നാക്രമിച്ച് കൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ രാമേശ്വരത്തെ പ്രസംഗം.
കാത്തിരിപ്പുകള്‍ക്കൊടുവിലാണ് പുതിയ പാമ്പന്‍ കടല്‍പ്പാലം പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചത്. രാമേശ്വരത്ത് നിന്ന് താംബരത്തേക്കുള്ള പുതിയ ട്രെയിന്‍ സര്‍വീസും പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു. ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും നീലക്കടലിന് മുകളിലൂടെ തീവണ്ടി ചൂളമടിച്ച് കടന്നുപോയി.
ട്രെയിന്‍ കടന്നുപോയതിന് പിന്നാലെ വെര്‍ട്ടിക്കല്‍ ലിഫ്റ്റ് സ്പാന്‍ ഉയര്‍ത്തി തീരസംരക്ഷണസേനയുടെ കപ്പലും കടത്തിവിട്ടു. 99 തൂണുകളില്‍ ആയി 2.08 കി.മീറ്റര്‍ നീളത്തില്‍ തീര്‍ത്ത എന്‍ജിനിയറിങ് വിസ്മയമാണിത്. കഠിനമായ സമുദ്രസാഹചര്യങ്ങളെ നേരിടാന്‍ ശേഷിയുള്ളതാണ് പാലം. 535 കോടി ചെലവിട്ട് പണിത പാലത്തിലൂടെ പരമാവധി 75 കി.മീറ്റര്‍ വേഗത്തില്‍ ട്രെയിനുകള്‍ക്ക് കടന്നുപോകാം.
8300 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കും പ്രധാനമന്ത്രിരാ രാമേശ്വരത്ത് തുടക്കം കുറിച്ചു. ഡിഎംകെയെ കടന്നാക്രമിച്ച് കൊണ്ടായിരുന്നു അദ്ദേഹത്തിന്‍റെ പ്രസംഗം. ത്രിഭാഷ നയത്തിനെതിരെ പോരാട്ടം നടത്തുന്ന തമിഴ്നാട്ടില്‍ മൂന്നുഭാഷയും പ്രസംഗത്തിനായി അദ്ദേഹം തിരഞ്ഞെടുത്തു. എന്തുകൊണ്ട് തനിക്ക് അയക്കുന്ന കത്തുകളില്‍ തമിഴില്‍ ഒപ്പിടുന്നില്ലെന്ന് മോദി ചോദിച്ചു. മെഡിക്കല്‍ പഠനം തമിഴ് ഭാഷയില്‍ കൂടി നടപ്പാക്കണമെന്നും കൂട്ടിച്ചേര്‍ത്തു. രാമനവമി ദിനമായ ഇന്ന് പ്രധാനമന്ത്രി രാമേശ്വരത്തെ രാമനാഥ സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുകയും ചെയ്തു.